തിരുവനന്തപുരം നെടുമങ്ങാട്ട് ഗുണ്ട കുത്തേറ്റ് മരിച്ചു.  കരകുളം സ്വദേശി സാജനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികുത്തുകയായിരുന്നു. കരകുളം സ്വദേശി ജിതിന്‍ രാജ് ഉള്‍പ്പടെ  മുന്നുപേരെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജിതിന്‍റെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയതാണ് അക്രമത്തിനു കാരണമെന്നാണ് കസ്റ്റഡിയിലായവര്‍  പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി

നെടുമങ്ങാട് ഏണിക്കരയിലുള്ള വീട്ടില്‍ നിന്നു വിളിച്ചിറക്കിയാണ് മൂന്നംഗ സംഘം സാജനെ കുത്തിപരുക്കേല്‍പ്പിച്ചത്. വയറില്‍ കുത്തേറ്റ സാജന്‍ റോഡില്‍ വീണു. നാട്ടുകാരാണ് സാജനെ നെടുമങ്ങാട്  ആശുപത്രിയില്‍ എത്തിച്ചത്.  പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പുലര്‍ച്ചെയാണ് സാജന്‍ മരിച്ചത്. ഇന്നലെ രാത്രി 8.45 നാണ് ആക്രമണം നടന്നത്. സാജനെ കുത്തിയ വിവരം പ്രതികള്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

ജിതിനൊപ്പം ബന്ധുവായ രതീഷ്, സുഹൃത്ത് മഹേഷ് എന്നിവരെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.  തന്‍റെ ഭാര്യയെ സാജന്‍ നിരന്തരം  ശല്യപ്പെടുത്തിയിരുന്നു . പലതവണ വിലക്കിയിട്ടും ഉപദ്രവം  തുടര്‍ന്നുവെന്നുമാണ് ജിതിന്‍രാജ് നല്‍കിയിരിക്കുന്നമൊഴി. ഇതോടെയാണ് സാജനെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും മറ്റു രണ്ടുപേരും മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച സാജനും പ്രതികളും അയല്‍വാസികളാണ്. സാജന്‍ ഗുണ്ടാലിസ്റ്റിലുള്ളയാളാണ്. എസ്.ഐയെ ആക്രമിച്ചതടക്കം ഏഴു കേസുകള്‍ സാജന്‍റെ പേരിലുണ്ട്. 

ENGLISH SUMMARY:

A goon died after being stabbed in Nedumangad, Thiruvananthapuram.