നിലയ്ക്കാത്ത പീഡനപരമ്പരയ്ക്ക് സാക്ഷികളാണ് കേരളത്തിലെ സാക്ഷര പൊതുസമൂഹം. വര്‍ഷങ്ങള്‍ക്കു മുന്‍പേ കേട്ടുമടുത്ത പരമ്പരയിലേക്ക് വീണ്ടും പുതിയ പേരുകള്‍ , പുതിയ കേസുകള്‍, പുതിയ സാഹചര്യങ്ങള്‍...പക്ഷേ ക്രൈം അത് സമാനം.. അറിവില്ലാത്ത പ്രായത്തില്‍ ചേര്‍ന്നുനില്‍ക്കുന്നവരും അടുത്തറിയുന്നവരും ചതച്ചില്ലാതാക്കുന്ന കുഞ്ഞു പെണ്‍ജീവിതങ്ങള്‍...

സൂര്യനെല്ലി 

സൂര്യനെല്ലി കേസില്‍  പ്രതികളെ ശിക്ഷിച്ച കോടതിയും പൊതുസമൂഹവും ആഗ്രഹിച്ചത് സമാനമായൊരു കേസ് ഇനിയുണ്ടാകരുതെന്നായിരുന്നു. ശിക്ഷ ഒരു മാതൃകയാകണമന്നും അതില്‍ നിന്ന് സമൂഹം പാഠമുള്‍ക്കൊള്ളണമെന്നും  കോടതി ആഗ്രഹിച്ചു .  പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങള്‍  ആയുധമക്കിയുള്ള പ്രതിഭാഗം വാദം പൂര്‍ണമായി തള്ളിയാണ് അന്ന് ഹൈക്കോടതി  പ്രതികളുടെ അപ്പീലില്‍ വിധി പറഞ്ഞത് . മുഖ്യപ്രതി  ധര്‍മരാജനെയും  മറ്റ് 23 പ്രതികളെയുമാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം രണ്ടാം വട്ടം കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  ശിക്ഷിച്ചത് .

40 ദിവസം ബലമായി കസ്റ്റഡിയില്‍ വച്ചാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് . 1996 ജനുവരി 16 മുതല്‍  ഫെബ്രുവരി 26 വരെയായിരുന്നു പീഡനകാലം . 44പേരായിരുന്നുപ്രതിപട്ടികയിലുണ്ടായിരുന്നത് . പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയ രണ്ടുപേരെ കണ്ടെത്താനായില്ല .പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായം 16 വയസ്. കേസില്‍ 41പേരാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടത് . ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു . 4പേരെ  കോടതി വെറുതേവിട്ടു. 35 പേരെ  നാലുമുതല്‍ 13 വര്‍ഷം വരെ തടവിന് ശിക്ഷിച്ചു.മുഖ്യപ്രതി ധര്‍മരാജനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. തുടര്‍ന്ന് അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനിലെത്തി . അപ്പീല്‍ വാദം നടക്കുമ്പോള്‍ പ്രതികളില്‍ രണ്ടുപേര്‍ ജീവനൊടുക്കി. മുന്നുപേര്‍ മരണമടയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മൊഴി അവിശ്വസനീയമെന്ന് പ്രഖ്യാപിച്ചായിരുന്നു ജസ്റ്റീസുമാരായ  കെ.എ.അബ്ദുല്‍ ഗഫൂറും ആര്‍.ബസന്തും അടങ്ങിയ  ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് . ഇതിനെതിരെ വാദിഭാഗം സുപ്രീകോടതിയെ സമീപിക്കുകയും  അപ്പീലില്‍ വീണ്ടും വാദം കേള്‍ക്കാന്‍ വിധി സമ്പാദിക്കുകയും ചെയ്തു. 

ജസ്റ്റീസുമാരായ കെ.ടി.ശങ്കരനും എം.എല്‍.ജോസഫ്  ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹൈക്കോടതിയില്‍ രണ്ടാംവട്ടം അപ്പീല്‍ പരിഗണിച്ചത്  കീഴ്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീല്‍  തള്ളിയാണ്  ഡിവിഷന്‍  ബെഞ്ച് പ്രതികളെ ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കക്ഷികളായ  പീഡനക്കേസുകളോടുള്ള    നിയമവ്യവസ്ഥയുടെ പൊതുസമീപനം ഇതായിട്ടും മൂന്നുപതിറ്റാണ്ടിന് ശേഷം സമാപനമായൊരു നാണക്കേടിന് കേരളം വീണ്ടും സാക്ഷ്യം വഹിക്കുകയാണ് 

കിളിരൂരും കവിയൂരും 

സൂര്യനെല്ലിയില്‍ നീറിനിന്ന മലയാളിയുടെ മനസിലേക്ക് തീ കോരിയിട്ടാണ് പിന്നീട് കിളിരൂര്‍ പീഡനക്കേസ് പിറക്കുന്നത് . സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത്  പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ് . നിരന്തര പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട്  കുഞ്ഞിന് ജനം നല്‍കി. തുടര്‍ന്നുണ്ടായ  സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങള്‍ പെണ്‍കുട്ടിയുടെ ജീവനെടുത്തു.  പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കാന്‍  ഒത്താശ ചെയ്ത    ലതാ നായർ ഉൾപ്പെടെ ആറ് പേർ കേസില്‍ പ്രതികളായി .ഇവരെ തിരുവനന്തപുരം സിബിഐ കോടതി പത്തുവര്‍ഷം  തടവിന് ശിക്ഷിച്ചിരുന്നു . കേസിലൊരു വിഐപിയുണ്ടെന്ന്  പരക്കെ ആക്ഷേപം ഉയര്‍ന്നെങ്കിലും   പൊലീസിനോ സിബിഐയ്ക്കോ അങ്ങിനെയൊരാളെ കണ്ടെത്താനായില്ല 

കിളിരൂര്‍ കേസിന് പിന്നാലെയാണ് കവിയൂരിലെ കൂട്ടമരണം. 2004 സെപ്റ്റംബർ 28നാണ്  തിരുവല്ലയില്‍ കവിയൂര്‍ ക്ഷേത്രത്തിന് സമപം താമസിച്ചിരുന്ന  അച്ഛനും അമ്മയും മൂന്ന് മക്കളുമാണ് മരിച്ചത്. അച്ഛനെ ഫാനില്‍ തൂങ്ങിയ നിലയിലും മറ്റുള്ളവരെ മുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.  മൂത്തമകള്‍  ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നം അതിന് പിന്നില്‍  രാഷ്ട്രീയക്കാരനായ വിഐപിയാണെന്നും  ആക്ഷേപം ഉയര്‍ന്നതോടെ സംഭവം വലിയ വിവാദമായി മാറി.

 കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായ ലതാ നായർക്ക് കവിയൂരില്‍ മരിച്ച കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങനെയാണ് കിളിരൂര്‍ കേസ് പോലെ കവിയൂരിലെ പീഡനത്തിലും വിഐപി എന്ന ആരോപണം ഉയര്‍ന്നത്.  .കൂട്ട മരണം കഴിഞ്ഞ് ഇപ്പോള്‍ രണ്ടുപതിറ്റാണ്ട് പിന്നിടുന്നു.  സിബിഐ 14 വര്‍ഷം അന്വേഷിച്ചു. കോടതികള്‍ പലതവണ ഇടപെട്ടു. എന്നിട്ടും കവിയൂരിലെ  പെണ്‍കുട്ടിയെ  പീഡിപ്പിച്ചതാരെന്ന് കണ്ടെത്താനായിട്ടില്ല. പിതാവ്  കഞ്ഞിയില്‍ വിഷം ചേര്‍ത്ത്   ഭാര്യയ്ക്കും  മക്കള്‍ക്കും നല്‍കിയെന്നും മരിക്കാത്ത ഇളയകുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അച്ഛന്‍ തൂങ്ങിമരിച്ചെന്നുമായിരുന്നു  അന്വേഷണസംഘം കണ്ടെത്തിയത്  . കിളിരൂര്‍ കേസിലെ പ്രതിയായ ലതാ നായരെ സംരക്ഷിച്ചതുമായി ബന്ധപ്പെട്ട്  ഗൃഹനാഥനെ പൊലീസ് ചോദ്യം ചെയ്തു. അതിലെ നാണക്കേടില്‍ മനം നൊന്ത്  ആത്മഹത്യ ചെയ്തെന്നായിരുന്നു  ഒരുകണ്ടെത്തല്‍. ലതാനായര്‍ കുടുംബത്തെ വലിയ സാമ്പത്തിക ഇടപാടില്‍ ചാടിച്ചെന്നും അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തെന്നും മറ്റൊരു  വാദവുമുണ്ടായി . കേസില്‍  ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ലതാനായരെ അറസ്റ്റു ചെയ്തു . പക്ഷേ കവിയൂരില്‍ ആത്മഹത്യ ചെയ്ത മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടെന്നും  അതിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നുള്ള ആവശ്യം ഫലം കണ്ടില്ല.

കേരളത്തെ ഞെട്ടിച്ച കേസുകളായിരുന്നു സൂര്യനെല്ലിയും കിളിരൂരും കവിയൂരുമെല്ലാം. ഇപ്പോഴിതാ പത്തനംതിട്ടയും ഇതേ ഗണത്തിലേക്ക്. സ്വന്തം സുഹൃത്തുക്കളും അച്ഛന്റെ സുഹൃത്തുക്കളും ഉള്‍പ്പെടെ 64 പേര്‍ ചേര്‍ന്ന് വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയാണ് ഇന്ന് കേരളത്തെ ഞെട്ടിച്ചത്. കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലാവുകയും പത്ത് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു. ഓരോ പീഡനക്കേസുകള്‍ സംഭവിക്കുമ്പോഴും ഇനിയൊന്നാവര്‍ത്തിക്കരുതെന്നാണ് നല്ല മനസുകള്‍ ആഗ്രഹി്ക്കുക. പക്ഷേ പഴയതിലും ഭീകരമായ സാഹചര്യങ്ങളാണ് ആവര്‍ത്തിക്കുന്നത്. 

The literate society of Kerala stands witness to an unending series of atrocities and gang rape cases:

The literate society of Kerala stands witness to an unending series of atrocities and gang rape cases. New names, new cases, and new circumstances are once again being added to the series we heard and encountered years ago... Yet, the crime remains the same—young girls, betrayed and destroyed by those they trust and know, at an age of innocence.