ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ ജാഗ്രതയും ഇടപെടലും മൂലം പിടിയിലായത് രണ്ട് സ്ത്രീ മോഷ്ടാക്കൾ. തമിഴ്നാട്ടിൽ നിന്നെത്തി ബസുകളിലും തിരക്കുള്ള ഇടങ്ങളിലും ആഭരണങ്ങൾ കവരുന്ന മാല മോഷ്ടാക്കളാണ് അറസ്റ്റിലായത്. കണ്ടക്ടർ പ്രകാശിന്റെ ഇടപെടലിൽ ഏഴ് പവന്റെ സ്വർണ മാലയാണ് ഉടമയ്ക്ക് തിരികെ കിട്ടിയത്. കോയമ്പത്തൂർ സ്വദേശികളായ കണ്ണമ്മ, സുബ്ബമ്മ എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ നിന്ന് എ സി റോഡിലൂടെ പത്തനംതിട്ടയ്ക്ക് സർവീസ് നടത്തുന്ന ബസിലാണ് നാടോടി സ്ത്രീകൾ മോഷണം നടത്തിയത്. പത്തനംതിട്ട സ്വദേശി തങ്കമണി അമ്മാളിന്റെ ഏഴ് പവന്റെ സ്വർണമാലയാണ് അപഹരിച്ചത്. കൈതവന സ്റ്റോപ്പിൽ നിന്നാണ് തങ്കമണി അമ്മാൾ ബസിൽ കയറിയത്. ഇവിടെ നിന്നുതന്നെ തമിഴ്നാട്ടുകാരായ രണ്ടു സ്ത്രീകളും കയറിയിരുന്നു. പൂപ്പിള്ളിക്ക് ടിക്കറ്റ് എടുത്ത ഇരുവരും കൈനകരി ജങ്ഷനിൽ ഇറങ്ങി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കണ്ടക്ടർ കെ. പ്രകാശ് ആഭരണങ്ങളോ പഴ്സോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഏഴു പവന്റെ മാല കാണാനില്ലെന്ന് തങ്കമണി അമ്മാൾ പറഞ്ഞു. കണ്ടക്ടർ പ്രകാശും യാത്രക്കാരും പിന്നാലെ ഓടി ഇവരെ തടഞ്ഞു വച്ച് നെടുമുടി പൊലീസിനെ വിവരം അറിയിച്ചു.
പരിശോധനയിൽ ഇവരിൽ നിന്ന് മാല കണ്ടെത്തി. മാലമോഷണ കേസിൽ നേരത്തെയും ഇവർ പിടിയിലായിട്ടുണ്ട്. രണ്ടു സ്ത്രീകളെയും റിമാൻഡ് ചെയ്തു.