കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതിൽ ആസൂത്രണം നടത്തിയത് ഒപ്പം താമസിച്ച യുവതിയും കുടുംബവും. മാമ്പുഴക്കരി വേലിക്കെട്ടിൽ കൃഷ്ണമ്മയെ ആണ് കെട്ടിയിട്ട് സ്വർണവും പണവും കവർന്നത്. വീട്ടമ്മയ്ക്കൊപ്പം താമസിച്ച തിരുവനന്തപുരം സ്വദേശിയായ ദീപ എന്ന യുവതിയുടെ കുടുംബ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ആശുപത്രികളിലും വീടുകളിലും രോഗികൾക്ക് കൂട്ടിരിക്കാൻ പോകുന്നയാളാണ് കവർച്ചക്കിരയായ കൃഷ്ണമ്മ. നാലു മാസം മുൻപാണ് ജോലിക്കിടെ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ദീപയെ പരിചയപ്പെട്ടത്. ഒരാഴ്ച മുൻപാണ് കൃഷ്ണമ്മയുടെ വീട്ടിൽ ദീപ സഹായിക്കാനെന്ന വ്യാജേന എത്തിയത്. കവർച്ച സംഘത്തിൽ ഉണ്ടായിരുന്നത് ദീപയുടെ മകനും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുമാണെന്നും തെളിഞ്ഞു. സംഘത്തിൽ ഉണ്ടായിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജേഷിനെ ഇന്നലെ പിടികൂടിയിരുന്നു. ഇയാൾ ദീപയുടെ കുടുംബ സുഹൃത്താണ്.
മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ പുലർച്ചെയാണ് മാമ്പുഴക്കരി വേലിക്കെട്ടിൽ കൃഷ്ണമ്മയെ വായിൽ തുണി തിരുകി കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. മൂന്നര പവൻ സ്വർണം, 36000 രൂപ, ഓട്ടുപാത്രങ്ങൾ, എ ടി എം കാർഡ് എന്നിവയാണ് അപഹരിച്ചത്.