പെണ്‍സുഹൃത്തിനോടുള്ള സ്നേഹം കാരണമാണ് അവളെ കൊന്നത് എന്നാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തനിക്കും അമ്മയ്ക്കും കൂടി 75 ലക്ഷം രൂപയോളം കടമുണ്ടെന്ന് അഫാന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പണത്തിനായി പ്രതി സ്വന്തം കാറും ബുള്ളറ്റും വിറ്റതായും പൊലീസിനു സൂചന ലഭിച്ചു. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.
അതിനിടെ പുറത്തുവരുന്ന മറ്റൊരു കാര്യം, അഫാന്‍ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ സ്വര്‍ണമാല വാങ്ങി പണയം വച്ചിരുന്നു എന്നാണ്. ഫര്‍സാന ഇത് തിരിച്ചുചോദിച്ചപ്പോള്‍ കൊടുത്തത് മുക്കുപണ്ടം. അഫാന്‍റെ അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയതും സ്വര്‍ണമാല കൊടുക്കാത്തതിന്‍റെ പേരിലായിരുന്നു. താന്‍ മരിച്ചാല്‍ തന്‍റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനായി ഈ മാല വിറ്റ് പണം കണ്ടെത്തണമെന്ന് സല്‍മാ ബീവി മക്കളോട് പറഞ്ഞിരുന്നു. ആ മാലയാണ് അഫാന്‍ ചോദിച്ചെത്തിയത്. ഇനി ഇതുമാത്രമേയുള്ളൂ അതുകൊണ്ട് തരില്ലെന്ന് സല്‍മാ ബീവി തീര്‍ത്തു പറഞ്ഞത് അഫാനില്‍ വൈരാഗ്യം കൂട്ടി.
സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ കഴുത്തില്‍ കിടന്ന മാല അഫാന്‍ ഊരിയെടുത്തു. വെഞ്ഞാറമൂടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74,000 രൂപയും വാങ്ങി. ഇതില്‍ നിന്നും 40,000 രൂപ കടം വീട്ടിയെന്നും പൊലീസ് പറയുന്നു. കുടുംബത്തില്‍ കടം പെരുകി ജീവിതം പ്രതിസന്ധിയിലായതോടെ കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. അമ്മയെയും അനുജനെയെും പെണ്‍സുഹൃത്തിനെയും ആക്രമിച്ചത് അവരോടുള്ള സ്നേഹം കൊണ്ടെന്നും പ്രതി പൊലീസുകാരോടു പറഞ്ഞു. ചികിത്സയിൽ കഴിയുന്ന അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അതോടൊപ്പം അഫാന്റെ അമ്മ ഷെമീനയുടെ മൊഴിയെടുക്കാനും പൊലീസ് ഇന്ന് ശ്രമിക്കും.