വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതിയുടെ ചിത്രം വ്യക്തമാകുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. ഫര്‍സാന അഫാന്‍റെ വീട്ടിലേക്ക് പോകുന്ന ദൃശ്യവും പിറകെ അഫാന്‍ എത്തുന്നതും ഫോണില്‍ സംസാരിക്കുന്നതും ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അഫാന്റെ ചോദ്യവും ഫര്‍സാനയുടെ മറുപടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എവിടെയാണ് നില്‍ക്കുന്നതെന്ന് അഫാന്‍ ചോദിക്കുന്നതും ഫര്‍സാനയുടെ മറുപടിയും കേള്‍ക്കാം. വൈകിട്ട് 3.42നാണ് കാമുകിയെ അഫാന്‍ കൂട്ടിക്കൊണ്ടുവരുന്നത്
Read Also: ആ വഴക്കില്‍ കൊലയാളി ഉണര്‍ന്നു; ആറു മിനിറ്റുകൊണ്ട് മുത്തശിയെ കൊന്നു; അഫാന്‍ എന്ന സ്ട്രെയ്ഞ്ച് കില്ലര്
അതേസമയം, അഫാന്‍റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി സ്ഥിരീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് മനോരമ ന്യൂസിനോട് തിരുവനന്തപുരം റൂറല്‍ എസ്.പി കെഎസ്.സുദര്‍ശന്‍ . കടത്തിന് കാരണം ആര്‍ഭാടമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അമ്മയെ രണ്ട് തവണ അഫാന്‍ ആക്രമിച്ചെന്നും കണ്ടെത്തല്‍.
അഫാനും അമ്മയും സഹോദരനും അടങ്ങിയ കൊച്ചുകുടുംബത്തിന്‍റെ കടബാധ്യത 65 ലക്ഷം. ബന്ധുക്കളും നാട്ടുകാരുമായി 13 പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി. 12 ലക്ഷം രൂപ കിട്ടിയ രണ്ട് ചിട്ടികളുടെ അടവ് മുടങ്ങി. ദിവസവും പണം തിരികെ ആവശ്യപ്പെട്ടെത്തുന്നവര്‍. പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താനാകുന്നില്ല. കൂട്ടക്കുരുതിയുടെ കാരണം എസ്.പി മനോരമ ന്യൂസിനോട് വിശദീകരിക്കുന്നു.
അമ്മയെ ആക്രമിച്ച് തുടങ്ങിയ അഫാന്‍ വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടംവാങ്ങിയാണ് കൊല്ലാനുള്ള ചുറ്റിക വാങ്ങുന്നത്. വല്യമ്മയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വെച്ച് 74000രൂപ വാങ്ങി. അതില്‍ നിന്ന് 40000 രൂപ കടംവാങ്ങിയ നാല് പേര്‍ക്ക് തിരികെ കൊടുത്തു. കൊടുംക്രൂരതയ്ക്കിടലുള്ള അഫാന്‍റെ പെരുമാറ്റം അതിവിചിത്രം.
മൂന്ന് പേരെ കൊന്നശേഷം വീട്ടിലെത്തിയ അഫാന്‍ അ്മ്മയ്ക്ക് ജീവനുണ്ടെന്ന് കണ്ടപ്പോള്‍ വീണ്ടും ആക്രമിച്ചു. കാമുകി ഫര്‍സാനയുടെ മാല പണയം വെച്ച് തൊണ്ണൂറായിരം രൂപ വാങ്ങിയിരുന്നു. പകരമായി കൊടുത്തത് മുക്കുപണ്ടം. ഇത് തിരികെ ചോദിച്ചതും അക്കാര്യം ഫര്‍സാനയുടെ വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകുമെന്നതും ഫര്‍സാനയേയും കൊല്ലാന്‍ കാരണമായി. രക്തപരിശോധനാഫലം ലഭിച്ചില്ലെങ്കിലും ലഹരിയുടെ സാന്നിധ്യം പൊലീസ് തള്ളുകയാണ്.