വയനാട് കലക്ടറേറ്റിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ക്ലർക്കാണ് കൈഞെരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ആത്മഹത്യക്കു പിന്നിൽ സഹപ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചെതെന്നാണ് ആരോപണം
ഇന്നു രാവിലെയാണ് ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് കൈനാട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. .
ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് നേരത്തെ പരാതി നൽകിയിരുന്നുന്നെന്നും ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നും പരാതി ഉയർന്നു. യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്നും, ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും സഹപ്രവർത്തക പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ചു എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആരോപണ വിധേയനെതിരെ നടപടി എടുക്കണമെന്നാണാവശ്യം. അതേസമയം സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷയം വ്യക്തിപരമാണെന്നും സംഘടനയെ പഴിചാരേണ്ടെന്നുമായിരുന്നു ജോയിന്റ് കൗൺസിലിന്റെ വിശദീകരണം.