വാട്സാപ് ശബ്ദ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന സംഭവത്തില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ കോടതിയെ സമീപിച്ച് കാസര്‍കോട് സ്വദേശിയായ യുവതി. വിവാഹസമയത്ത് നൽകിയ 20 പവൻ സ്വർണം തിരികെ നൽകണമെന്നും ജീവനാംശം നൽകണമെന്നുമാണ് ആവശ്യം. ഭർതൃ വീട്ടിൽ അനുഭവിച്ച പീഡനത്തിന് നഷ്ട പരിഹാരം വേണമെന്നും യുവതി കോടതിയിൽ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് യുവതി ഹർജി നൽകിയത്. വിവരം ചൂണ്ടിക്കാട്ടി യുവതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഫെബ്രുവരി 21 നാണ് ഭർത്താവ് അബ്ദുൾ റസാഖ് പെൺകുട്ടിയുടെ പിതാവിന്റെ മൊബൈൽ ഫോണിലേക്ക് മുത്തലാഖ് ചൊല്ലി വാട്സാപ് സന്ദേശം അയച്ചത്.
വിദേശത്തുള്ള ഭർത്താവ് അബ്ദുള്‍ റസാഖ് തന്‍റെ പിതാവിന്റെ ഫോണിലേക്ക് മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് ശബ്ദസന്ദേശം അയച്ചെന്നാണ് യുവതി പൊലീസില്‍ നേരത്തെ പരാതി നല്‍കിയത്. ‘വിവാഹം കഴിച്ചാല്‍ ഞാന്‍ പറയുന്നത് കേട്ട് നില്‍ക്കണം. മൂന്നുകൊല്ലമായി ഞാന്‍ സഹിക്കുന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞാല്‍ വേണ്ട. മൂന്ന് തലാഖ് ഞാന്‍ ചൊല്ലി, എനിക്ക് നിങ്ങടെ മോളെ വേണ്ട’ കുടുംബം പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം പട്ടിണിക്കിട്ടെന്നും ക്രൂര പീഡനങ്ങള്‍ക്കൊടുവിലാണ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിക്കാരി വിശദീകരിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം 2019 മുതൽ രാജ്യത്ത് നിയമവിരുദ്ധമാക്കിയിരുന്നു.