പ്രതീകാത്മക ചിത്രം
ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 40 തവണ. അസുഖം മാറാനാണ് കുഞ്ഞിനെ പൊള്ളിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഗുരുതരാവസ്ഥയിലായ കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഡിഷയിലെ നബറങ്പുരിലാണ് സംഭവം. ഉമക്കോട്ടൈ സബ് ഡിവിഷണല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.
കുഞ്ഞിന്‍റെ വയറിലും തലയിലുമായി 30 മുതല്‍ 40 തവണ പൊള്ളിച്ചിട്ടുണ്ട്. ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചാല്‍ കുഞ്ഞിന്‍റെ അസുഖം മാറുമെന്ന മാതാപിതാക്കളുടെ അന്ധവിശ്വാസമാണ് എല്ലാത്തിനും കാരണം. കുഞ്ഞ് അപകടനില തരണം ചെയ്തുവെന്ന് നബറങ്പുര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
പത്തു ദിവസങ്ങളോളമായി കുഞ്ഞിന് കടുത്ത പനിയുണ്ട്. കുഞ്ഞ് നിര്‍ത്താതെ കരയുന്നുമുണ്ടായിരുന്നു. ദുഷ്ടശക്തികള്‍ കുഞ്ഞിനെ ശല്യപ്പെടുത്തുന്നത് കാരണമാണ് കുഞ്ഞ് കരയുന്നത് എന്ന് വീട്ടുകാര്‍ കരുതി. ദുഷ്ടശക്തികളെ തുരത്താനാണ് കുഞ്ഞിന്‍റെ ശരീരത്തില്‍ ഇരുമ്പുവടി പഴുപ്പിച്ച് വച്ചത്. പനിയുള്ള കുഞ്ഞിനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടതിനു പകരം ഈ ചെയ്തത് കടുത്തുപോയി എന്നും മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു.
ഉള്‍ഗ്രാമങ്ങളില്‍ ഇത്തരം അന്ധവിശ്വാസങ്ങളും രീതികളും ഇപ്പോഴും ആളുകള്‍ പിന്തുടരുന്നുണ്ട്. വിഷയം ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടികളടക്കം സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. കുഞ്ഞുങ്ങള്‍ക്ക് പനിയോ മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണം എന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.