കോഴിക്കോട് ജില്ലയില്‍ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതികള്‍ സജീവമാകുന്നു. മരുതോങ്കര പഞ്ചായത്തില്‍ വിവിധ ജനകീയ സമിതികള്‍ ചേര്‍ന്നുള്ള ക്വിക് റിയാക്ഷന്‍ ടീം ലഹരിക്കെതിരെ പ്രവര്‍ത്തനം ആരംഭിച്ചു. വടകര താഴത്തങ്ങാടിയിലും ജനകീയ സമിതി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
എംഡിഎംഎ , കഞ്ചാവ് തുടങ്ങി ലഹരി പദാര്‍ത്ഥങ്ങള്‍ എന്ത് വില്‍പന നടത്തിയാലും ഉപയോഗിച്ചാലും കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ഈ മുന്നറിയിപ്പ്. രണ്ടു മാസം മുൻപ് മരുതോങ്കരയിലെ വിവിധ ഇടങ്ങളില്‍ വെച്ച് എംഡിഎംഎ പിടികൂടിയതോടെയാണ് ജാഗ്രത കടുപ്പിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയത്. കുറ്റ്യാടി ചെറിയ പാലം മുതല്‍ പശുക്കടവ് വരെയുള്ള പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനകീയ ജാഗ്രത സമിതികള്‍ ചേര്‍ന്നാണ് ക്യു. ആര്‍.ടിം ഉണ്ടാക്കാന്‍ തീരുമാനിച്ചത്.
മയക്ക് മരുന്ന് വിൽക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പ് ബോർഡുകളും വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. മരുതോങ്കരിയില്‍ രാസലഹരി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം ക്യൂ.ആർ.ടി ടീമിന്റെ നിരീക്ഷണത്തിലാണ്. രാത്രി 10 മണിയോടെ ഓരോ ടീമുകളായി തിരഞ്ഞ് പരിശോധന ആരംഭിക്കും. ലഹരിയുമായി നിരവധി പേരെ ഇതിനോടകം തന്നെ ക്യു ആര്‍ ടി പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. രാത്രി അസമയങ്ങളിൽ അലഞ്ഞ് തിരിയുന്ന വിദ്യാർത്ഥികളെയോ യുവാക്കളയോ കണ്ടാൽ അവരെ ബോധവൽക്കരിക്കാനും സംഘം ശ്രദ്ധിക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള ഈ ജനകീയ പോരാട്ടം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് മരുതോങ്കര പഞ്ചായത്തുകാര്‍.