എറണാകുളം തെങ്ങോട് ഗവ.ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞതിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. കുറ്റാരോപിതരായ കുട്ടികളെ സംരക്ഷിച്ചുവെന്ന പരാതിയിലാണ് അധ്യാപകർക്കെതിരായ നടപടി. പ്രതി പട്ടികയിൽ ഉള്ള കുട്ടികളുടെ പരീക്ഷ കേന്ദ്രവും മാറ്റി.
സഹപാഠികൾ നായ്ക്കുരണ പൊടി ദേഹത്ത് വിതറിയതിനെ തുടർന്ന് ഒരു മാസമായി ദുരിതം അനുഭവിക്കുന്ന പത്താം ക്ലാസുകാരിയെ കുറിച്ചുള്ള വാർത്ത വന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടിലും സ്കൂളിലും എത്തി മൊഴിയെടുപ്പും പരിശോധനയും പൂർത്തിയാക്കിയതിന് പിന്നാലെയാണ് അധ്യാപകർക്കെതിരായ നടപടി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്നും കുറ്റക്കാരായ കുട്ടികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. അധ്യാപകർക്കെതിരെ ഗുരുതരമായ പരാതികളാണ് കുട്ടിയുടെയും കുട്ടിയുടെ അമ്മയുടെയും മൊഴികളിൽ ഉണ്ടായിരുന്നത്.
ക്ലാസ്സ് ടീച്ചർ പി.എസ് ശ്രീകാന്ത്, സംഭവം നടക്കുമ്പോൾ പ്രധാന അധ്യാപികയുടെ ചുമതല ഉണ്ടായിരുന്ന ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഒരു അധ്യാപികയെ സ്ഥലം മാറ്റി. പ്രതി പട്ടികയിൽ ഉള്ള 6 കുട്ടികളുടെ എസ്എസ്എൽസി പരീക്ഷാ കേന്ദ്രവും മാറ്റിയിട്ടുണ്ട്. ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടന്നു വരികയാണ്.
ഇതിനുമുമ്പും സഹപാഠികൾ ഉപദ്രവിച്ചിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ട്. എസ്എസ്എൽസി പരീക്ഷ പൂർത്തിയായതിനു ശേഷം കുറ്റാരോപിതരായ കുട്ടികളിൽ നിന്നും വിശദമായ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് നായ്ക്കുരണപ്പൊടി ദേഹത്ത് വീണ് സ്വകാര്യഭാഗത്തടക്കം പരുക്കുപറ്റിയ പെൺകുട്ടി പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മാനസികമായി തളർന്ന പെൺകുട്ടി സൈക്യാട്രസ്റ്റിന്റെ ചികിത്സയിലുമാണ്.