kerala-asha-workers-strike-continues

സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനുമായി എന്‍എച്ച്എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച പരാജ‌യം. ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സമരം തുടരുമെന്നും ആശ പ്രവര്‍ത്തകര്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് ആശ പ്രവര്‍ത്തകരുടെ നിലപാട്. 

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സമരക്കാർ അറിയിച്ചു. സമരം നിർത്തണമെന്ന് എൻ.എച്ച്.എം ഡയറക്ടർ ആവശ്യപ്പെട്ടു.നല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് വിങ്ങിപ്പൊട്ടി 'ആശ'മാര്‍ പറഞ്ഞു. അടുത്ത ചർച്ചയിലെങ്കിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ആവശ്യങ്ങൾ നേടിയിട്ടേ സമരം അവസാനിപ്പിക്കൂവെന്നും സമരക്കാർ അറിയിച്ചു.

38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആശാ വർക്കേഴ്സ്. സമരത്തിന്റെ മൂന്നാം ഘട്ടമെന്ന് നിലയില്‍ നാളെ മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരം തുടങ്ങിയത്. സമരത്തിനിടെ ആശാ വർക്കർമാർക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.

ENGLISH SUMMARY:

The discussions between the Kerala Asha Health Workers Association and the NHM director ended in failure, with the protestors deciding to continue their indefinite strike. Dissatisfied with the government's response, the workers announced an indefinite hunger strike from tomorrow. The protest, which has been ongoing for 38 days in front of the Secretariat, demands an increase in honorarium and retirement benefits. Despite a recent government order revoking 10 eligibility criteria for honorarium, the workers remain firm on their demands.