കൊച്ചിയില്‍ കാപ്പാ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി മുളവുകാട് പൊലീസ്. പോക്സോ, അടിപിടി കേസുകളില്‍ പ്രതിയായ ശ്രീരാജിനെയാണ് താന്തോണിതുരുത്തില്‍ നിന്നാണ് അതിസാഹസികമായി പിടികൂടിയത്. താന്തോണിതുരുത്തിലെ താമസക്കാരനായ ശ്രീരാജ് പൊലീസിന് പിടികൊടുക്കാതെ ദ്വീപില്‍ കഴിയുകയായിരുന്നു.
പലപ്പോഴും പൊലീസ് ശ്രീരാജിനെ പിടികൂടാന്‍ ദ്വീപിലെത്തിയെങ്കിലും ശ്രീരാജ് കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതോടെ മുളവുകാട് സിഐ വി.എസ്. ശ്യാംകുമാറും എസ്ഐ തോമസ് പള്ളനും അടക്കം ആറ് പേര്‍ ബോട്ടില്‍ ദ്വീപിലെത്തി. പൊലീസിനെ കണ്ടതോടെ ശ്രീരാജ് ഓട്ടം തുടങ്ങി. വെള്ളത്തില്‍ ചാടുന്നത് തടയാന്‍ പൊലീസ് നേരത്തെ തന്നെ തീരുമാനിച്ചു.
രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടും ശ്രീരാജ് പയറ്റിയെങ്കിലും പൊലീസിനെ വെട്ടിക്കാന്‍ ഇത്തവണ ശ്രീരാജിന് കഴിഞ്ഞില്ല. എല്ല് പൊട്ടി തുടങ്ങിയ നമ്പറുകള്‍ പലതുമിറക്കിയെങ്കിലും ശ്രീരാജിനെ മുളവുകാട് പൊലീസ് പൊക്കി. ഒന്നരമണിക്കൂറിനകം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി പ്രതിയെ മുളവുകാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ശ്രീരാജിനെ ഓടിച്ചിട്ട് പിടികൂടിയ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.