ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 21കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയിച്ചു വിവാഹം കഴിച്ചതെങ്കിലും ഷിബിലയെ യാസര്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നു. ഒരുമിച്ചുള്ള ജീവിതം മടുത്തതോടെ മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേക്ക് പോയി. അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്താന്‍ യുവതി തീരുമാനിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇയാളുടെ ശല്യം തുടര്‍ന്നുവെന്നും പറയുന്നു.
ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് ചെയ്യിച്ചത്. എന്നാല്‍ ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു.
ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം അരങ്ങേറിയത്. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെ കുടുംബ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്, അവന്‍ പണ്ടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരായിരുന്നു, അവന്‍റെ കൂടെ പോവല്ലെ മോളെയെന്ന് പറഞ്ഞതാണ്’ നാട്ടുകാര്‍ പറയുന്നു.