പള്ളിക്കാടിന് വിളിപ്പാടകലെയുള്ള വീട്ടില്‍ മൂന്ന് വയസ്സുകാരി ഒന്നും അറിയാതെ ഭിത്തിയില്‍ ചിരിയിരിപ്പുണ്ട്.. അവളെ ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഷിബിലയുടെ സഹോദരിയും. കരിക്കുളം മദ്രസാഹാളിലെ ബെഞ്ചില്‍ വെള്ളപുതച്ചുകിടന്ന ഷിബിലയെ കണ്ട് കണ്ണീര്‍ വാര്‍ത്തവര്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു, യാസിറിനെ അവള്‍ അത്രത്തോളം സ്നേഹിച്ചിരുന്നെന്ന്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. മറ്റൊരു നിക്കാഹ് ഉറപ്പിച്ചടുത്ത് നിന്ന് പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില ഇറങ്ങി, നീ അവനൊപ്പം പോവല്ലെ മോളെയെന്ന് പലവട്ടം ആ ഉപ്പ കരഞ്ഞു പറഞ്ഞു, അവന്‍ ലഹരിക്കടിമയാണെന്നും പറഞ്ഞു, പക്ഷെ അവനോടുള്ള പ്രണയത്തില്‍ ഒന്നും ഷിബില ചെവികൊണ്ടില്ല.
പക്ഷെ, കൊതിച്ചതൊന്നുമായിരുന്നില്ല പിന്നീടുള്ള ജീവിതം. യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്. താഴെവീണിട്ടും പക തീരാതെ വീണ്ടും വീണ്ടും ആഞ്ഞ് കുത്തിക്കൊന്നത്. തടയാന്‍ വന്ന ഷിബിലയുടെ രക്ഷിതാക്കളെയും കുത്തി. ഒടുവില്‍ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.