കോഴിക്കോട് പുതുപ്പാടി പഞ്ചായത്തില്‍ ലഹരിമരുന്ന് വ്യാപനം തടയാന്‍ മഹല്ല് കമ്മിറ്റികള്‍. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ മഹല്ലില്‍ ബഹിഷ്കരിക്കുന്നതടക്കമുളള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. അതിനിടെ ഈങ്ങാപ്പുഴയില്‍ ലഹരിമാഫിയക്കെതിരെ പ്രതികരിച്ച യുവാവിനെതിരെ ഭീഷണിയുമായി ലഹരിമാഫിയ സംഘം രംഗത്തെത്തി.
ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ യുവാവ് ഭാര്യയെ കുത്തിക്കൊന്നതോടെയാണ് മഹല്ല് കമ്മിറ്റികള്‍ സംയുക്തയോഗം ചേര്‍ന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഇനി മുതല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് മഹല്ലുകളില്‍ നിന്ന് വിവാഹത്തിനാവശ്യമായ സ്വഭാവശുദ്ധി സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. യുവാക്കള്‍ വഴി തെറ്റുന്നതില്‍ ഒരുപങ്ക് മാതാപിതാക്കള്‍ക്കുള്ളതിനാല്‍ മഹല്ല് തലത്തില്‍ ബോധവത്കരണവും നടത്തും.
അതേസമയം, ഷിബില വധകേസുമായി ബന്ധപ്പെട്ട് ലഹരി സംഘത്തിനെതിരെ സംസാരിച്ച പൊതുപ്രവര്‍ത്തകന്‍ ഷംനാദ് പുതുപ്പാടിയെ ലഹരിമാഫിയസംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഷംനാദിന്‍റെ പരാതിയില്‍ താമരശേരി പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തു.