കൊല്ലപ്പെട്ട മെര്‍ച്ചന്‍റ് നേവി ഓഫീസറായ സൗരഭ് രജ്പുത്ത്. സൗരഭിന്‍റെ ശരീരം കണ്ടെത്തിയ വീപ്പ (വലത്).
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കൂറ്റന്‍ വീപ്പയ്ക്കുള്ളിലാക്കി അതില്‍ സിമന്‍റ് നിറച്ച യുവതിയുടെ വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ആറു വയസ്സുകാരിയായ മകളുടെ കണ്‍മുന്നിലാണ് ക്രൂരകൃത്യം നടന്നതെന്ന് സംശയിക്കപ്പെടുന്നു. കൊല്ലപ്പെട്ട മെര്‍ച്ചന്‍റ് നേവി ഓഫീസറായ സൗരഭ് രജ്പുത്ത് നാട്ടിലെത്തിയത് മകളുടെ പിറന്നാളിന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു. എന്നാല്‍ അത് തന്‍റെ അവസാനത്തെ വരവാണെന്ന് അദ്ദേഹം കരുതിയില്ല. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. READ MORE; ഭര്‍ത്താവ് എത്തിയാല്‍ ലഹരി മുടങ്ങുമെന്ന ഭയത്തില്‍ കൊലപാതകം; വെട്ടിനുറുക്കിയത് 15 കഷണങ്ങളായി
സൗരഭിന്‍റെ ഭാര്യ മസ്കാന്‍ റസ്തുഗിയും കാമുകന്‍ സഹില്‍ ശുക്ലയും അദ്ദേഹത്തെ കൊന്ന് വീപ്പയ്ക്കുള്ളിലാക്കി. ഇതേക്കുറിച്ച് ആറുവയസ്സുകാരിയാണ് അയല്‍വാസികളോട് പറഞ്ഞത്. ‘എന്‍റെ അച്ഛന്‍ ആ വീപ്പയ്ക്കുള്ളിലുണ്ട്’ എന്ന് കുട്ടി ആവര്‍ത്തിച്ച് അയല്‍ക്കാരോട് പറഞ്ഞുകൊണ്ടിരുന്നു എന്ന് സൗരഭിന്‍റെ അമ്മ രേണു ദേവിയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആ കുഞ്ഞ് എല്ലാം കണ്ടിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് പെട്ടെന്നു തന്നെ കുട്ടിയെ അവിടെ നിന്ന് മാറ്റിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗരഭിനെ കൊന്ന് 15 കഷ്ണങ്ങളാക്കിയാണ് മസ്കാനും സഹിലും വീപ്പയ്ക്കുള്ളിലാക്കിയത്. മാര്‍ച്ച് നാലിനാണ് അവര്‍ എന്‍റെ ഇളയമകനെ കൊന്നത്. എന്നിട്ട് ഇരുവരും ട്രിപ്പ് പോയി എന്നാണ് രേണു ദേവി പറയുന്നത്. വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിയണമെന്ന് ഉടമ നേരത്തെ മസ്കാനോട് പറഞ്ഞിരുന്നു. വീടിന്‍റെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയായിരുന്നു ഇത്. ട്രിപ്പ് കഴിഞ്ഞ് മസ്കാനും സഹിലും മടങ്ങിവന്നപ്പോള്‍ വീട്ടുടമ ജോലിക്കാരെ ഇവിടേക്ക് അയച്ചു. സാധനങ്ങള്‍ എടുത്തുമാറ്റുമ്പോള്‍ കൂറ്റന്‍ വീപ്പ അവര്‍ക്ക് എടുത്തുപൊക്കാന്‍ കഴിഞ്ഞില്ല. എന്താണ് ഇതിനുള്ളില്‍ എന്ന് ചോദിച്ചപ്പോള്‍ വേണ്ടാത്ത കുറച്ച് സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് എന്ന് മറുപടി പറഞ്ഞു. READ MORE; മകളുടെ പിറന്നാളിന് നാട്ടിലെത്തി; യുവാവിനെ വെട്ടികഷ്ണങ്ങളാക്കി ഭാര്യയും കാമുകനും; ദാരുണം
പ്രതികളായ മസ്കാന്‍ റസ്തുഗിയും സഹില്‍ ശുക്ലയും. (ചിത്രം: പിടിഐ)
ജോലിക്കാര്‍ വീപ്പയുടെ അടപ്പ് തുറന്നുനോക്കി. തൊട്ടുപിന്നാലെ അവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തും മുന്‍പേ മസ്കാന്‍ അവളുടെ സ്വന്തം വീട്ടിലേക്ക് പോയി. അവിടെ വച്ച് നടന്ന കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. കേട്ടപാടെ മകളെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മകളാണ് തെറ്റുകാരി, അവളെ തൂക്കിക്കൊല്ലണം എന്നാണ് മസ്കാന്‍റെ മാതാപിതാക്കള്‍ പിന്നീട് പ്രതികരിച്ചത്. എന്നാല്‍ ഇത് നാടകമാണ് എന്നാണ് സൗരഭിന്‍റെ കുടുംബം ആരോപിക്കുന്നത്.
മസ്കാന്‍റെ അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. മകളെ രക്ഷിക്കാന്‍ വേണ്ടി അവര്‍ പലതും ചെയ്യുന്നുണ്ട്. മസ്കാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനു പിന്നാലെ തന്നെ അവര്‍ ഏതെങ്കിലും വക്കീലിനെ എല്ലാം അറിയിച്ചു കാണും. വക്കീലിന്‍റെ നിര്‍ദേശപ്രകാരമാകാം ഈ നാടകങ്ങള്‍ അത്രയും എന്നാണ് രേണു ദേവി പറയുന്നത്. മസ്കാനെ മാത്രമല്ല അവരുടെ വീട്ടുകാരെയും തൂക്കിക്കൊല്ലണം എന്നാണ് രേണു ദേവി പറയുന്നത്.