ലഹരിക്കടിമയായ കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുല്‍ ജയിലില്‍ നിന്ന് തിരിച്ചെത്തിയാല്‍ പ്രതികാരം ചെയ്യുമെന്ന് അമ്മ. രാഹുലിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതും അമ്മയാണ്. നാല് വര്‍ഷമായി രാഹുല്‍ ലഹരിക്ക് അടിമയാണെന്ന് അമ്മ വെളിപ്പെടുത്തി . ചോരകാണുന്നതാണ് അവന് ആഹ്ളാദം. ചോര തെറിക്കുന്നത് കാണാന്‍ രാഹുല്‍ ശരീരത്തില്‍ഇടയ്ക്കിടെ മുറിവുണ്ടാക്കിയിരുന്നെന്നും അമ്മവെളിപ്പെടുത്തി.
അമ്മയുടെ വാക്കുകള്‍
അവനെ കൊണ്ടുപോയപ്പോള്‍ സമാധാനമാണ് പക്ഷേ മനസ് എരിഞ്ഞോണ്ടിരിക്കുകയാണ്. നല്ലകാര്യത്തിന് വേണ്ടിയാണെങ്കിലും സ്വന്തം മോനോടല്ലേ അങ്ങനെ ചെയ്തത് എന്ന വിഷമമുണ്ട്. സമാധാനം ഉണ്ട്. എതെങ്കിലും വിധത്തില്‍ അവന്‍ പുറത്തിറങ്ങും എന്ന് എനിക്കറിയാം. പുറത്തിറങ്ങിയാല്‍ ഞങ്ങളുടെ കാര്യം എന്താകുമെന്നറിയില്ല . എന്തായാലും തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു. പുറത്ത് നിന്ന് ജാമ്യത്തില്‍ ഇറക്കാന്‍ ആരും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഇത്രയും കാലം അവന് ആരും ഉണ്ടായിരുന്നില്ല. പക്ഷേ ഇനിയിപ്പോള്‍ ലഹരിമാഫിയയുടെ ആളുകളാരെങ്കിലും ഇറക്കിയാല്‍ പിന്നെ ഞങ്ങളുടെ കാര്യം കഷ്ടത്തിലാണ്.
നാല് വര്‍ഷമേ ആയിട്ടുള്ളു പ്രശ്നങ്ങള്‍ തുടങ്ങിയിട്ട്. അതിന് മുന്‍പ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. നല്ല മോനായിരുന്നു. മാരകമായി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഇങ്ങനെ. അച്ഛന്‍, അമ്മ എന്ന് പറഞ്ഞാല്‍ അവന് ജീവനായിരുന്നു. കല്ല്യാണത്തിന് മുന്‍പൊക്കെ നല്ല മോനായിരുന്നു. പ്രണയ വിവാഹം ആയിരുന്നു. ഞങ്ങള്‍ വീട്ടുകാരായിട്ട് ആലോചിച്ച് നടത്തി കൊടുത്തതാണ്. ഇപ്പോള്‍ ഡിവോഴ്സിന് കൊടുത്തിരിക്കുകയാണ്.
അമ്മയെ അവന്‍ ഉപദ്രവിക്കാന്‍ നോക്കി, പക്ഷേ ഉപദ്രവിക്കില്ലെന്ന് എനിക്കറിയാം എന്നാലും അവന്‍റെ മാനസികാവസ്ഥക്ക് എന്തുചെയ്യുമെന്ന് പറയാന്‍ പറ്റില്ലല്ലോ. അവന്‍ കൊല്ലുമെന്ന് ഉറച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ പേടിച്ച് പോയത്. ഞാന്‍ മാത്രം ആണെങ്കില്‍ മരിക്കാം. പ്രശ്നമില്ലായിരുന്നു. പക്ഷേ ആ കുട്ടി ഇല്ലേ ഒന്നും അറിയാത്ത കുഞ്ഞല്ലേ അതുകൂടി ആലോചിച്ചിട്ടാണ്. ഇടക്ക് ഇങ്ങനെ പറയാറുണ്ട്. പക്ഷേ അതൊരു ഒഴുക്കന്‍ വാക്കായിട്ടാണ് കരുതിയത്. പക്ഷേ ഇതിപ്പോ തീരുമാനം എടുത്തു എന്നൊക്കെ ഉറച്ചുപറയുമ്പോള്‍ ....
ഇത് ഞാന്‍ പുതിയ കേസ് കൊടുത്തതല്ല. അവന്‍ ശരിക്കും ഒളിവിലായിരുന്നു. ഒളിച്ച് ജീവിക്കുകയായിരുന്നു. ഇവിടെ അവന്‍ ഉണ്ടെന്ന് പൊലീസിന് കാണിച്ച് കൊടുത്തതാണ്. അല്ലാതെ അവന്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കേസ് കൊടുക്കുകയല്ല ചെയ്തത്. വാറന്‍റുള്ള കേസില്‍ ഒളിവിലുള്ള അവനെ കാട്ടികൊടുക്കുക മാത്രമാണ് ചെയ്തത്.
ചെറിയ ബ്ലെയ്ഡുകള്‍ എപ്പോഴും അവന്‍റെ കീശയില്‍ ഉണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ വേഗം അതെടുത്ത് കഴുത്തില്‍ വെക്കും അല്ലെങ്കില്‍ കയ്യില്‍ വെക്കും. എന്നിട്ട് ഇപ്പോ മുറിക്കും എന്ന് പറയും. രണ്ടാഴ്ച മുന്‍പ് അങ്ങനെ ഉണ്ടായിട്ടുണ്ട്. ഞാന്‍ മുറിക്കും എന്നിട്ട് പൊലീസ് വന്നാല്‍ നിങ്ങളാണ് മുറിച്ചതെന്ന് പറയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അന്ന് പേടിച്ചിട്ടാണ് പൊലീസിനെ വിളിക്കാതിരുന്നത്. ദേഷ്യം മുഴുവന്‍ എന്നോടാണ്. വലിയ കത്തിയൊന്നും ഉണ്ടാകില്ല. സര്‍ജറി ബ്ലെയ്ഡ് പോലത്തെ ബ്ലെയ്ഡാണ് എപ്പോഴും കയ്യില്‍ ഉണ്ടാകുക.
ഇതിന് മുന്‍പ് കൈ മുറിച്ചത് ആത്മഹത്യ ചെയ്യാനല്ല, എംഡിഎംഎ ഉപയോഗിച്ചിട്ട് അവന് വേദനയൊന്നും അറിയില്ല. ചോര തെറിക്കുമ്പോള്‍ അവന് ആഹ്ളാദം ആണ്. അല്ലാതെ ആത്മഹത്യ ചെയ്യാനായി ഞരമ്പ് മുറിച്ചതല്ല. ലഹരി സംഘത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. വെങ്ങളത്ത് എവിടെയോ നടേശന്‍ എന്ന് പേരുള്ള ഒരു ചെക്കന്‍ ഉണ്ടെന്ന് അറിയാം. പക്ഷേ ഞാന്‍ അയാളെ കണ്ടിട്ടില്ല. ഇവന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു ചെക്കന്‍ കഴിഞ്ഞ കൊല്ലം ആത്മഹത്യ ചെയ്തു. അത്തോളിയില്‍ ഉണ്ടായിരുന്ന കുട്ടിയും ആത്മഹത്യ ചെയ്തു. ഒരാള്‍ അപകടത്തില്‍ മരിച്ചു. അങ്ങനെ മൂന്ന് ആള്‍ മരിച്ചു. അത് ലഹരി സംഘത്തില്‍ ഉള്ളവരാണോ എന്ന് അറിയില്ല.