ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊന്ന കേസില്‍ ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവും , 2,30,000 രൂപ പിഴയും ശിക്ഷ. രണ്ടാംപ്രതി ഷിഹാബുദ്ദീന് ആറു വര്‍ഷവും 9 മാസവും തടവും ആറാം പ്രതി നിഷാദിന് മൂന്നു വര്‍ഷവും 9 മാസവും തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരും 15,000 രൂപ പിഴയും ഒടുക്കണം. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 ഓഗസ്റ്റ് ഒന്നിനാണ് ഷാബാ ഷെരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. 14 മാസം ഷൈബിൻ അഷ്റഫിന്‍റെ നിലമ്പൂർ മുക്കട്ടയിലെ വീടിന്‍റെ ഒന്നാം നിലയിൽ ചങ്ങല കൊണ്ട് ബന്ധിച്ച് ഷാബ ഷരീഫിനെ പൂട്ടിയിട്ടു. ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കലും ഉറപ്പായതോടെ 2020 ഒക്ടോബർ 20ന് ശുചിമുറിയിൽ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേദിവസം ഷൈബിൻ അഷ്റഫിന്‍റെ കൂട്ടാളിയായ തങ്ങൾ അകത്ത് നൗഷാദും മാനേജർ ആയിരുന്ന ശിഹാബും ചേർന്ന് വെട്ടി നുറുക്കി 400ൽ അധികം കഷ്ണങ്ങളാക്കി. ഷൈബി അഷ്റഫ് തന്നെ കാറിൽ കയറ്റി കൊണ്ടുപോയി ചാലിയാറിൽ എടവണ്ണ പാലത്തിന് താഴേക്ക് ഒഴുക്കുകയും ചെയ്തു. ഷൈബിന്‍ അഷ്റഫ് കൃത്യമായ ആസൂത്രണത്തോടെയാണ് ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയെതന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
മൃതദേഹവും മൃതദേഹ ഭാഗങ്ങളും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ പുഴയിൽ ഒഴുകിയതോടെ കേസ് ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഷൈബിനും കൂട്ടാളികളും ഉറച്ചു വിശ്വസിച്ചത്. എന്നാല്‍ 2022 ഏപ്രിൽ 23 ന് പ്രതി ഫൈബറിന്‍റെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറിയെന്ന് നിലമ്പൂർ പൊലീസിൽ പരാതി ലഭിച്ചു. ഈ മോഷണക്കേസിലെ അന്വേഷണമാണ് ഷാബാ ഷെരീഫിന്‍റെ കൊലപാതക കേസിൽ നിർണായകമായത്. പിന്നാലെ 2022 ഏപ്രിൽ 28ന് കൂട്ടുപ്രതികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതിന്‍റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടതും ഷൈബിൻ അഷ്റഫ് നൽകിയ അഭിമുഖവും കേസിന്‍റെ വിചാരണ ഘട്ടത്തിൽ നിർണായകമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പ്രതിഷേധിച്ച 5 പേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പൊലീസിന് കൈമാറി.
പിടിയിലാവുമെന്ന് ഉറപ്പായതോടെയാണ് കൂട്ടു പ്രതികൾക്കെതിരെ നിലമ്പൂർ പൊലീസിൽ 2022 ഏപ്രിൽ 23ന് ഷൈബിൻ അഷ്റഫ് പരാതി നൽകുന്നത്. തന്‍റെ മുക്കട്ടയിലെ വീട്ടിൽ അതിക്രമിച്ചു കയറി 7 ലക്ഷം രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നു എന്നായിരുന്നു പരാതി. എന്നാല്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ് സുജിത്ദാസിന്‍റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും കേസിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഷൈബിന്‍ അഷ്റഫ് ഉപയോഗിച്ച കാറില്‍ നിന്നും ലഭിച്ച മുടി ഷാബ ഷെരീഫിന്‍റേതാണന്ന ഡിഎന്‍എ പരിശോധന ഫലമാണ് കേസിന് ബലം നല്‍കിയത്. പൊലീസ് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ഷൈബിനെ സഹായിച്ച റിട്ടയേർഡ് എസ് ഐ സുന്ദരൻ കേസിൽ എട്ടാം പ്രതിയാണ്. വൈദ്യനെ തടങ്കലിൽ പാർപ്പിച്ചപ്പോൾ വീട്ടിൽ ഉണ്ടായിട്ടും വിവരങ്ങൾ മറച്ചുവെച്ച ഭാര്യ ഫസ്‌ന കേസിൽ പതിനൊന്നാം പ്രതിയാണ്.