കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം കാറിന്റെ ഗ്ലാസ്സ് തകർത്ത് പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ആനക്കുഴി സ്വദേശി റഈസിന്റെ പണം മോഷണം പോയത്. ഭാര്യ പിതാവ് നൽകിയ പണവും മറ്റൊരിടത്തു നിന്ന് ലഭിച്ച പണവുമാണ് ഇതെന്നും, പണം കാർബോർഡ് കവറിലാക്കിയ ശേഷം ചാക്കിൽ കെട്ടിയാണ് കാറിൽ സൂക്ഷിച്ചിരുന്നത് എന്നും റഈസ് പൊലീസ് മൊഴി നൽകിയിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുകയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കി.