മലപ്പുറം വളാഞ്ചേരിയിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രണ്ടുമാസം മുൻപ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഹൈറിസ് പോപ്പുലേഷനുള്ള ഇടത്ത് നടത്തിയ സ്ക്രീനിങ് സർവേയിലൂടെയാണ് എച്ച് ഐ വി രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം സ്ഥിരീകരിച്ചത് മലയാളിക്കാണ്. ഇയാള്‍ ഉള്‍പ്പെട്ട സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രണ്ടുമാസത്തിനിടെ 10 പേർക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്താൽ.
രോഗബാധ സ്ഥിരീകരിച്ചവർ പ്രത്യേകം നിരീക്ഷണത്തിലാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേർക്ക് രണ്ട് മാസത്തിനിടെ എച്ച്ഐവി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന വാർത്തയാണെന്നും ലഹരിക്കെതിരെയുള്ള ക്യാംപയിന്‍ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഉപയോഗിച്ച സൂചിയിൽ വിതരണക്കാർ വീണ്ടും ലഹരി നിറച്ച് ഉപയോഗിക്കാൻ നൽകുന്നതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സിറിഞ്ച് പങ്കിടുന്നതിലൂടെ ജില്ലയിൽ മറ്റെവിടെയെങ്കിലും രോഗം ബാധിച്ചോ എന്നും അന്വേഷിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.