Image Credit: X/ichkipichki
ബെംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. ഭാര്യയും ഭാര്യാമാതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ശനിയാഴ്ചയാണ് നോര്‍ത്ത് ബെംഗളൂരുവിലെ ബിലിജാജി മേഖയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങി (37)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാമനഗര ജില്ലയിലെ കണ്ണൂർ ഗേറ്റ് സ്വദേശിയാണ് ലോക്നാഥ്
ഭാര്യ പത്തൊന്‍പതുകാരി യശസ്വിനി സിങ്, അമ്മ ഹേമ ഭായി (37) എന്നിവരെ സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ലോക്നാഥിന്‍റെ പീഡനവും സ്വഭാവ ദൂഷ്യത്തിലും മനംമടുത്താണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മുന്‍പ് ലോക്നാഥിനെ ബോധം കെടുത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഡിസംബറിലാണ് ലോക്നാഥും യശസ്വിനി സിങും വിവാഹിതരായത്. കുടുംബത്തിന്‍റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. 2023 സെപ്റ്റംബര്‍ മുതല്‍ വിവാഹം നടത്താന്‍ ആവശ്യപ്പെട്ട് ലോകേഷ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹ ശേഷം യശസ്വിനിയെ ഉപദ്രവിക്കാന്‍ തുടങ്ങി.
യശസ്വിനിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിന് അവസരമൊരുക്കണമെന്ന് ലോക്നാഥ് ആവശ്യപ്പെട്ടതോടെ യശസ്വിനി വീട്ടിലേക്ക് മടങ്ങുകയായിരുരുന്നു. എന്നാല്‍ ലോക്നാഥ് വീട്ടിലെത്തി ഭീഷണി തുടര്‍ന്നു. ഒടുവില്‍ പൊറുതിമുട്ടി ലോക്നാഥിനെ കൊലപ്പെടുത്താന്‍ യശസ്വിനിയും അമ്മയും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ ലോക്നാഥ് യശസ്വിനിയെ കാണാനെത്തുന്ന വിവരം ഫോണില്‍ വിളിച്ചറിയിച്ചു. കൊലപാതകത്തിന് പദ്ധതിയിട്ട യശസ്വിനിയും അമ്മയും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി. യശസ്വിനിക്കൊപ്പം കഴിക്കാനായി ലോക്നാഥ് കാറില്‍ ബിയര്‍ കരുതിയിരുന്നു. ബിജിഎസ് ലേഔട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് ഇരുവരും മദ്യപിച്ചു.
മദ്യലഹരിക്കൊപ്പം ഉറക്കഗുളിക ചേര്‍ത്ത ഭക്ഷണം കൂടി നല്‍കിയതോടെ ലോക്നാഥ് പെട്ടെന്ന് മയങ്ങി. യശസ്വിനി അയച്ചു നല്‍കിയ ലോക്കേഷന്‍ പ്രകാരം സ്ഥലത്തെത്തിയ ഹേമ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ രണ്ട് തവണ കുത്തുകയായിരുന്നു. കുത്തേറ്റതോടെ ഇറങ്ങി ഓടിയ ലോക്നാഥ് സമീപത്ത് തളര്‍ന്ന് വീണു. പിന്നീട് അതുവഴി എത്തിയവരാണ് പൊലീസില്‍ വിവരമറിയിച്ചത്.
ലോക്നാഥിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നതായി അറിഞ്ഞ യശസ്വിനിക്ക് വിവാഹബന്ധം തുടരാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് നോർത്ത് ഡിപിസി സൈദുലു അദാവത് പറഞ്ഞു.