കോളജ് ഡേയുടെ ആഘോഷ വീഡിയോയ്ക്ക് കമന്‍റിട്ടതിനെച്ചൊല്ലി കോളജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഇതെത്തുടർന്ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ ബിരുദ വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു കോളജ് യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. രണ്ടാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ കാർത്തിക്കിനെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഒന്നാം വർഷ ബിരുദ വിദ്യാർഥികളായ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ദർശൻ, റൗഫ്, സൂരജ്, അഭിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർകെഎസ് യു നേതാക്കളും പ്രവർത്തകരുമാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
കോളജ് ഡേയുടെ ആഘോഷ വീഡിയോ എഡിറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനടിയിലെ കമന്‍റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മരവടികൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചെന്നും കഴുത്തിൽ കേബിൾ ഉപയോഗിച്ച് കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണു കേസ്. അറസ്റ്റിലായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ക്യാംപസിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. രാഷ്ട്രീയ സംഘർഷമല്ലെന്നാണു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.