ഒരിക്കലും തിരിച്ചു പിടിക്കാനാകാത്ത നഷ്ടം സമയമാണ്. കരുതിക്കൂട്ടി വെറുതേ കളയുന്ന സമയത്തിന്‍റെ വില പിന്നീടാകും തിരിച്ചറിയുക. എന്നാല്‍ തന്‍റേതല്ലാത്ത കാരണത്താല്‍ 46 വര്‍ഷം ഒരാള്‍ക്ക് നഷ്ടപ്പെട്ടാലോ. എത്രപണം കിട്ടിയാലും ആ നഷ്ടം നികത്താനാകില്ല. ഈ സ്ഥിതിയോട് പൊരുത്തപ്പെടുന്നതാണ് വാവോ ഹകമതയുടെ ജീവിതകഥ. ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ച് 40 വര്‍ഷം ജയലില്‍ കിടന്ന വാവോ ഹകമതയ്ക്ക് 1.4 മില്യണ്‍ (12 കോടി രൂപ) നഷ്ടപരിഹാരം വിധിച്ച വാര്‍ത്തയാണ് ജപ്പാനില്‍ നിന്നും പുറത്തുവരുന്നത്. തെറ്റായി ശിക്ഷിക്കപ്പെട്ട ഒരോ ദിവസത്തിനും 85 ഡോളര്‍ (7,281 രൂപ) കണക്കിനാണ് തുക ലഭിക്കുന്നത്.
'വേദനാജനകം' എന്ന വാക്ക് ഇവാവോ ഹകമതയെന്ന മുന്‍ ജപ്പാനീസ് ബോക്സറുടെ ജീവിതത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ അത് കുറഞ്ഞുപോകും. ബോക്സിങ്ങില്‍ കഴിവ് തെളിയിച്ച് മികച്ച കരിയറുണ്ടാക്കിയ ഹികമതയുടെ യൗവനം ഒരൊറ്റ ദിവസം കൊണ്ടാണ് മാറിമറിഞ്ഞത്.
1961ല്‍ തന്‍റെ ബോക്സിങ് കരിയറില്‍ നിന്നും വിരമിച്ച ഹകമത മധ്യ ജപ്പാനിലെ ഷിസോവോക്കയിലെ ഒരു സോയാബീന്‍ സംസ്കരണ പ്ലാന്‍റില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. മികച്ച തൊഴിലാളിയായിരുന്നു ഹകമത. ഹകമതയുടെ ജോലിയിലെ ഏകാഗ്രതയും പ്രവര്‍ത്തനവും ഉടനെ ആയാളെ സ്ഥാപനത്തിന്‍റെ മുതലാളിയുടെ പ്രിയങ്കരനാക്കി മാറ്റി. മുതലാളിയുടെ കുടുംബവുമായി ഹകമത അടുത്തു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് നടുക്കുന്ന ആ സംഭവമുണ്ടായത്. ഹകമതയുടെ മുതലാളിയെയും ഭാര്യയേയും രണ്ട് മക്കളെയും വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാടിളക്കി അന്വേഷണം നടത്തിയിട്ടും പ്രതിയാരെന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഒരെത്തും പിടിയും ഉണ്ടായില്ല. ഒടുവില്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹകമതയെ പൊലീസ് പ്രതിയായി പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്തു.
കൊടിയ പീഡനമായിരുന്നു ഹകമതയ്ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത്. പീഡനം സഹിക്കവയ്യാതെ ഹകമത കുറ്റമേറ്റു. എന്നാല്‍ പിന്നീട് വീണ്ടും കേസ് പരിഗണിക്കവെ തന്നെ മര്‍ദിച്ചാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് ഹകമത പറഞ്ഞു. 1968ല്‍ കേസില്‍ വാദം കേട്ട മൂന്ന് ജഡ്ജിമാരില്‍ രണ്ട് പേരും ഹകമതയ്ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ശിക്ഷാ വിധിയില്‍ നിന്നും വിട്ടുനിന്ന ജഡ്ജി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് രാജിവച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതിക്കും ബോധ്യപ്പെട്ടു. എന്നാല്‍ ഹകമതയുടെ വധശിക്ഷ വിധി നിലനിന്നു. ചെയ്യാത്ത തെറ്റിന് തൂക്കുകയര്‍ കാത്ത് പിന്നെയും 46 വര്‍ഷമാണ് ഹകമത ജയിലില്‍ കിടന്നത്.
2014 കേസില്‍ വീണ്ടും അന്വേഷണം നടന്നു. അന്ന് കേസില്‍ പൊലീസ് സുപ്രധാന തെളിവായി കാണിച്ച രക്തം പുരണ്ട ഹകമതയുടെ വസ്ത്രം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കി. ടെസ്റ്റില്‍ രക്തം കൊല്ലപ്പെട്ടവരുടെയല്ലെന്ന് കണ്ടെത്തി. പൊലീസ് ഹകമതയുടെ വസ്ത്രത്തില്‍ രക്തം കലര്‍ത്തി തെളിവാക്കി മാറ്റുകയായിരുന്നുവെന്നും കണ്ടെത്തി. ഒടുവില്‍ കോടതി ഹകമതയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.
ജപ്പാനില്‍ ഇതുവരെ വിധിച്ചതില്‍ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് കോടതി ഹകമതയ്ക്ക് വിധിച്ചത്. എന്നാല്‍ പതിറ്റാണ്ടുകളുടെ ജയില്‍വാസം ഹകമതയുടെ മാനസികാരോഗ്യത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. യുവാവായി ജയിലില്‍ പോയ ഹകമത പുറത്തിറങ്ങിയത് ശരിക്കും നടക്കാന്‍ പോലുമാകാത്ത വൃദ്ധനായായിരുന്നു. ഓര്‍മക്കുറവ് അനുഭവിക്കുന്ന ഹകമത ഇടയ്ക്ക് തന്നെ വെറുതേ വിട്ടതോര്‍ത്ത് സന്തോഷിക്കും എന്നാല്‍ ഉടന്‍ തന്‍റെ വയസായ ശരീരത്തിലേക്ക് നോക്കി നെടുവീര്‍പ്പിടുകയും ചെയ്യും.
മോചനത്തിനായി നീണ്ട നിയമയുദ്ധം നയിച്ച സഹോദരി ഹിഡക്കെയുടെ സംരക്ഷണയിലാണ് ഹകമത ഇപ്പോഴുള്ളത്. ഹകാമതയുടെ മോചനം ജപ്പാനില്‍ വധശിക്ഷയ്ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിരിക്കുകാണ്