കൊച്ചിയിൽ സ്വർണ്ണതരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിലായി. ഗുജറാത്ത് സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ്, വിപുൾ മഞ്ചി, ധർമ്മേഷ്, കൃപേഷ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപണിക്കാരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്.
സ്വർണ്ണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണ്ണ തരിയടങ്ങിയ മണ്ണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം സാമ്പിളായി നൽകിയ അഞ്ച് കിലോ മണ്ണിൽ സ്വർണലായിനി കലർത്തിയ ശേഷം വിശ്വസിപ്പിച്ചു. ഇതിൽ നിന്ന് സ്വർണം ലഭിച്ചതോടെ പിന്നീട് അഞ്ച് ടൺ സാദാ മണ്ണ് അൻപത് ലക്ഷംരൂപയ്ക്ക് വിൽപന നടത്തി. എത്രയൊക്കെ ശ്രമിച്ചിട്ടും സ്വർണത്തിന്റെ ഒരു തരിപോലും ഇതിൽ നിന്ന് ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
കൊച്ചിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് സേന്ദമംഗലം, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും പരാതികളുണ്ട്.