കൊച്ചിയിൽ 2.7 കോടി രൂപയുടെ അനധികൃത പണം പിടികൂടി. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം നടത്തിയ പോലീസ് പരിശോധനയിൽ ഓട്ടോ റിക്ഷയിൽ നിന്നാണ് പണം കണ്ടെത്തിയത്. മൂന്ന് സഞ്ചികളിലായി അന്‍പതിനായിരത്തിന്‍റയും ഒരു ലക്ഷത്തിന്‍റെയും 97 നോട്ടുകെട്ടുകൾ ആണ് ഉണ്ടായിരുന്നത്.
കണ്ണങ്ങാട്ട് പാലത്തിന് സമീപം വാക്ക് വെ യിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് പണം പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി ആണ് കൊച്ചി ഹാർബർ പൊലീസ് പരിശോധന നടത്തിയത്. പണം കൈമാറാനായി കാത്തുനിൽക്കുന്നതിനിടെയാണ് പരിശോധന. പൊലീസിനെ കണ്ട് ഓട്ടോ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും പരുങ്ങിയതോടെയാണ് ഓട്ടോറിക്ഷ പരിശോധിച്ചത്. വാഹനത്തിന്‍റെ പിന്നിൽ മൂന്ന് സഞ്ചികളിൽ ആയി ആണ് പണം ഒളിപ്പിച്ചിരുന്നത്. മുഴുവൻ അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകൾ ആയിരുന്നു. അഞ്ഞൂറ് രൂപയുടെ 97നോട്ടുകെട്ടുകൾ ഉണ്ടായിരുന്നു.
ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശി രാജഗോപാൽ ബിഹാർ സ്വദേശി സബിൻ അഹമ്മദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇരുവരുംതമ്മിൽ പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. പണം നഗരത്തിലെ വ്യാപാരി കൊടുത്തുവിട്ടതാണെന്നും ഭൂമി വാങ്ങാൻ കൊണ്ട് വന്നു എന്നുമാണ് പിടിയിലായവരുടെ മൊഴി. മതിയായ രേഖകൾ ഇല്ലാത്തതിനാൽ കുഴൽപ്പണം ആണെന്ന സംശയത്തിലാണ് പൊലീസ്.