എഴുപതാം വയസിലും പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് പാലക്കാട് സ്വദേശിനിയായ ശ്രീപാര്‍വതി എന്ന മുത്തശ്ശി. കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇടപ്പള്ളി നൃത്താസ്വാദക സദസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരുപാടിയില്‍ മകള്‍ക്കൊപ്പം ഒന്നര മണിക്കൂറാണ് ശ്രീപാര്‍വതി മോഹിനിയാട്ടത്തിന് ചുവടുവച്ചത്.
പാലക്കാട് എലപ്പുള്ളി സ്വദേശിനി ശ്രീ പാര്‍വതി അമ്മയും മുത്തശ്ശിയുമായി. ഇക്കഴിഞ്ഞ 21ന് സപ്തതിയും ആഘോഷിച്ചു. പക്ഷെ പ്രായം ആ മനസിനെയും ശരീരത്തെയും തളര്‍ത്തിയില്ല.
കുട്ടിക്കാലത്ത് കഥകളി പഠിച്ചു. പല വേദികളിലും നിറഞ്ഞാടി. പതിനൊന്നാം വയസില്‍ കലാമണ്ഡലം സംഘടിപ്പിച്ച കഥകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടി. പക്ഷെ 21ആം വയസിലെ വിവാഹത്തിന് ശേഷം നീണ്ട 35 വര്‍ഷം ചിലങ്ക അഴിച്ചു വച്ചു. പിന്നീട് മകള്‍ ഇന്ദുവിന്‍റെ വാശിയില്‍ 57 ആം വയസില്‍ മോഹിനിയാട്ട പഠനം ആരംഭിച്ചു.
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകളായ ശ്രീദേവി രാജനാണ് ഇരുവരുടെയും ഗുരു. കഴിഞ്ഞ 13 വര്‍ഷമായി അമ്മയും മകളും ഒരുമിച്ച് ചുവടു വയ്ക്കുകയാണ്.