എല്ലാ തിരക്കുകളിൽ നിന്നും ഒരിടവേള എടുത്ത് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണമെന്ന് തോന്നാറില്ലേ. അങ്ങനെ ഉള്ളവരെ സ്വാഗതം ചെയ്യുകയാണ് കൊച്ചി ഗിരി നഗറിലെ 'സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോ. കൊച്ചിയിൽ താമസമാക്കിയ തമിഴ്നാട് സ്വദേശിനി റീമയുടേതാണ് ഈ 'ഹാപ്പി പ്ലേസ്'.
ഒന്നര വർഷം മുൻപാണ് വീടിന്റെ ടെറസ്സിലെ ഒഴിഞ്ഞ ഇടം റീമ പോട്ടറി സ്റ്റുഡിയോ ആക്കിയത്. ഒരുപാട് പേരുടെ പ്രിയപ്പെട്ട ഇടമായി അത് മാറി. ശിൽപ്പങ്ങളും പാത്രങ്ങളും നിർമിക്കുക മാത്രമല്ല, മനസിന് മരുന്നാണ് റീമയുടെ കാഴ്ചപാടിൽ പോട്ടറി.
ഇലക്ട്രിക് ചൂളയും ചക്രങ്ങളുമാണ് പ്രധാന യന്ത്രങ്ങൾ. കളിമണ്ണ് സംസ്കരിച്ചെടുത്ത സിറാമിക് ക്ലേ കൊണ്ടാണ് നിർമാണം.പരിശീലനത്തിനും ഒഴിവു സമയങ്ങൾ ചിലവഴിക്കാനുമായി നിരവധി ആളുകൾ ഇവിടം തേടി എത്താറുണ്ട്. ശില്പങ്ങൾ വാങ്ങുന്നതിനും അവസരമുണ്ട്. ക്ലാസുകളും ശില്പശാലകളുമായി സ്റ്റുഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റീമ.