Image Credit: X
പഞ്ചാബ് സർവകലാശാലയുടെ കാമ്പസിൽ സംഗീത പരിപാടിക്കിടെ അജ്ഞാതരുടെ അക്രമം. തുടരെ നാല് വിദ്യാര്‍ഥികളെയാണ് അക്രമികള്‍ കുത്തിവീഴ്ത്തിയത്. കുത്തേറ്റവരില്‍ 22 വയസുകാരന്‍ മരിച്ചു. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് എന്‍ജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയായ ആദിത്യ താക്കൂർ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആദ്യത്തിയെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു പഞ്ചാബ് സർവകലാശാലയുടെ സൗത്ത് കാമ്പസില്‍ ഹരിയാന്‍വി ഗായകന്‍ മസൂം ശർമ്മയുടെ സംഗീത പരിപാടി അരങ്ങേറിയത്. ഈ പരിപാടിക്കിടയിലായിരുന്നു ആക്രമണം. കാമ്പസിന് പുറത്തുനിന്നുള്ളവരാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ആക്രമണ സമയത്തെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കുത്തേറ്റ വിദ്യാര്‍ഥികളില്‍ ഒരാള്‍ തുടയിലെ മുറിവില്‍ നിന്നും നിലയ്ക്കാത്ത രക്തവുമായി നിലത്ത് കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് നിഗമനം. എന്നിരുന്നാലും ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ കാരണമെന്താണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, വിദ്യാർഥിയുടെ മരണത്തില്‍ പഞ്ചാബ് സർവകലാശാല വിദ്യാർഥികൾ പൊലീസിനും സര്‍വകലാശാല അധികൃതർക്കുമെതിരെ പ്രതിഷേധ പ്രകടനം നടത്തി. പരുക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികൾ സെക്ടർ 16 ലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.