image: Meta AI
സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത് ലക്ഷങ്ങള്‍ ശമ്പളം വാഗ്ദാനം നല്‍കി വന്ന പോണ്‍ റാക്കറ്റിലെ ദമ്പതിമാരെ പിടികൂടി ഇഡി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍,ഭാര്യ നീലു ശ്രീവാസ്തവ എന്നിവരെയാണ് പിടികൂടിയത്. അഞ്ചുവര്‍ഷമായി അശ്ലീല വെബ്സൈറ്റുകള്‍ക്ക് ആവശ്യമായ ഉള്ളടക്കങ്ങള്‍ നല്‍കി വിദേശത്ത് നിന്ന് വന്‍തോതില്‍ ഇവര്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാജ്യാന്തര പോണ്‍ റാക്കറ്റുമായും ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തി.
സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്നിയസ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ദമ്പതികള്‍ സഹകരിച്ച് വന്നിരുന്നത്. അശ്ലീല ഉള്ളടക്കങ്ങള്‍ നല്‍കുന്ന വെബ്സൈറ്റുകളായ എക്സ്ഹാംസ്റ്റര്‍, സ്ട്രിപ്ചാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ടെക്സിയസിന്‍റെ കൈവശമാണ്. മാര്‍ക്കറ്റിങിനും റിസര്‍ച്ചിനുമാണെന്ന് ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കുന്ന കോഡുകള്‍ വഴിയാണ് ഇവര്‍ പണം കൈമാറിയിരുന്നത്.
ദമ്പതികളുടെ നോയിഡയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 15.66 കോടി രൂപ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ ഉജ്വല്‍ മുന്‍പ് റഷ്യയിലായിരുന്നപ്പോഴും സമാന റാക്കറ്റില്‍ കണ്ണിയായിരുന്നുവെന്നും പിന്നീട് ഇന്ത്യയിലെത്തി ഭാര്യയെ ബിസിനസ് പങ്കാളിയാക്കി പോണ്‍ റാക്കറ്റ് നടത്തിവരികയായിരുന്നുവെന്നും ഇഡി പറയുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് മോഡലുകളായ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ദമ്പതികമാര്‍ ഉപയോഗിച്ചിരുന്നത്. ഇതിനായി പ്രത്യേക പേജും തയ്യാറാക്കിയിരുന്നു. മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ സംഘം വലയിലാക്കിയിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍പ്പെട്ടതായും ഇഡി വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലൂടെ കണ്ടെത്തുന്ന പെണ്‍കുട്ടികളെ നോയിഡയിലെ ഫ്ലാറ്റിലേക്ക് ഓഡിഷനായി വിളിപ്പിക്കും. പോണ്‍ വ്യവസായത്തിന്‍റെ സാധ്യതകളെ കുറിച്ച് വിശദീകരിച്ച ശേഷം പ്രതിമാസം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ പ്രഫഷനല്‍ വെബ്ക്യാം സ്റ്റുഡിയോയും , ഒണ്‍ലി ഫാന്‍സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ വിഡിയോകളും കണ്ടെടുത്തു. റെയ്ഡിനായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ മൂന്ന് സ്ത്രീകള്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നുവെന്നും ഇവരുടെ മൊഴിയെടുത്തുവെന്നും ഇഡി വ്യക്തമാക്കി.
ഇടപാടുകാര്‍ നല്‍കുന്ന പണത്തിന് അനുസരിച്ചുള്ള 'പെര്‍ഫോമന്‍സാ'ണ് മോഡലുകള്‍ നല്‍കിയിരുന്നത്. പകുതി മുഖം വെളിപ്പെടുത്തുന്നതും മുഴുവന്‍ മുഖം വെളിപ്പെടുത്തുന്നതും പൂര്‍ണ നഗ്നരായും തിരിച്ചായിരുന്നു പണം ഈടാക്കിയിരുന്നത്. ടോക്കണെടുത്താണ് ഇടപാടുകാര്‍ മോഡലുകളുടെ സമയം വാങ്ങിയിരുന്നതെന്നും ഏത് കാറ്റഗറി 'സേവന'മാണെന്നതിനെ ആശ്രയിച്ച് പണം വാങ്ങിയെന്നും മോഡലുകള്‍ പറയുന്നു. ഇത്തരത്തില്‍ മോഡലുകളെ ഉപയോഗിച്ച് ചിത്രീകരിക്കുന്ന വിഡിയോ വഴി ലഭിക്കുന്ന പണത്തില്‍ 75 ശതമാനവും ഉജ്വലും ഭാര്യയും കൈക്കലാക്കിയെന്നും 25 ശതമാനം മാത്രമാണ് മോഡലുകള്‍ക്ക് നല്‍കി വന്നിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ക്രിപ്റ്റോ കറന്‍സികളിലും ഇവര്‍ പണം ഈടാക്കിയിരുന്നുവെന്നും നെതര്‍ലന്‍ഡിസിലെ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ മാത്രം ടെക്നിയസില്‍ നിന്നെത്തിയ ഏഴ് കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തി. ഈ പണം രൂപയായാണ് ദമ്പതികള്‍ പിന്‍വലിച്ചുവന്നിരുന്നത്.