കൊച്ചിയില്‍ വന്‍ രാസലഹരിവേട്ട. എളമക്കരയില്‍ 509ഗ്രാം എംഡിഎംഎ യും ആലുവയില്‍ 47ഗ്രാം എംഡിഎംഎ യും പിടികൂടി. ആലുവയില്‍ പിടിയിലായ വൈപ്പിന്‍ സ്വദേശി ഷാജിയില്‍ നിന്ന് ലഭിച്ച വിവരത്തിലാണ് എളമക്കരയില്‍ നിന്ന് അരക്കിലോ രാസലഹരി പിടികൂടുന്നത്.
രാസ ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് എളമക്കര പുതുക്കലവട്ടത്ത് പിടിയിലായ പൊന്നാനിക്കാരന്‍ മുഹമദ് നിഷാദ്. കുടിവെള്ള വിതരണ വ്യാപാരിയായ ഇയാള്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നയാളാണ്. ആലുവയില്‍ ഇന്നലെ രാത്രി രാസ ലഹരിയുമായി വൈപ്പിന്‍ ഒച്ചന്തുരുത്ത് സ്വദേശി ഷാജിയെ പൊലീസ് പിടികൂടിയിരുന്നു. മുട്ടം മെട്രോ ലോഡ്ജിന് സമീപത്തു നിന്നും 47ഗ്രാം എംഡിഎംഎ യുമായി ആണ് ഇയാള്‍ പിടിയിലായത്. ഷാജിയില്‍ നിന്നാണ് ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനിയായ മുഹമ്മദ് നിഷാദിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
പുതുക്കലവട്ടത്ത് മുഹമദ് നിഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ പുലര്‍ച്ചെ തന്നെ പൊലീസും ഡാന്‍സാഫ് സംഘവും
ചേര്‍ന്ന് പരിശോധന നടത്തി. ബാഗിനുള്ളില്‍ രഹസ്യ അറയിലാണ് അരക്കിലോ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. മുഹമദ് നിഷാദ് ലഹരി ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് അന്വേഷിക്കുകയാണ്. മുഹമദ് നിഷാദ് ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ല.