ലഹരി ഉപയോഗം അടക്കമുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ കേന്ദ്ര വ്യവസായ സുരക്ഷാ സേന സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കോസ്റ്റൽ സൈക്ലത്തണിനെ വരവേറ്റ് കൊച്ചി. രാജേന്ദ്ര മൈതാനിയിലെ സ്വീകരണച്ചടങ്ങിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറും മുഖ്യാതിഥികളായി. ഈ മാസം ഏഴിന് ബംഗാൾ, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച യാത്ര നാളെ കന്യാകുമാരിയിൽ സമാപിക്കും.
"സുരക്ഷിത തീരങ്ങൾ, സമൃദ്ധ ഇന്ത്യ" എന്ന ആശയമാണ് സി ഐ എസ് എഫിന്റെ സൈക്ലത്തണിന് പിന്നിൽ. ദേശീയ സുരക്ഷയേയും തീരദേശ മേഖലകളിലെ അസാധാരണമായ വെല്ലുവിളികളേയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.14 വനിതകളടക്കം 125 സൈക്ലിസ്റ്റുകൾ യാത്രയിൽ ഉണ്ട്. ഇവർക്ക് കൊച്ചിയിൽ ലഭിച്ചത് ഊഷ്മള വരവേൽപ്പ്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സിഐഎസ്എഫ് ഡിഐജി ആർ.പൊന്നി, ഡപ്യൂട്ടി കമൻഡാന്റ് അശോക നന്ദിനി മൊഹന്ദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദിയിൽ നൃത്തച്ചുവടുകളുമായി മഞ്ജുവാര്യരും സൗബിനും സൈക്ലിസ്റ്റുകളുടെ ഒപ്പം ചേർന്നതോടെ നിലയ്ക്കാത്ത കയ്യടി. വിദ്യാർഥികളുടെ കലാവിരുന്നും ശ്രദ്ധേയമായി.
6,553 കിലോമീറ്ററുകൾ പിന്നിട്ട് കന്യാകുമാരിയിലാണ് സൈക്ലത്തണിന്റെ സമാപനം. സമുദ്രമാർഗമുള്ള കള്ളക്കടത്ത്, ലഹരി വ്യാപാരം, ആയുധ വ്യാപാരം, വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ തീരവാസികളുമായി സംവദിച്ചാണ് യാത്ര.