ഗുരുവായൂരിൽ പുലർച്ചെ വീട്ടിൽ കയറി മുതിർന്ന സ്ത്രീയെ ആക്രമിച്ച് സ്വർണവള തട്ടിയെടുത്ത കുറുവ സംഘാംഗം അറസ്റ്റിൽ. തൃത്താലയിൽ മോഷണത്തിനിടെ കിണറ്റിൽ വീണ് പിടിയിലായ തമിഴ്നാട്ടുകാരൻ ജയരാമനാണ് ഗുരുവായൂരിൽ കവർച്ച നടത്തിയത്.
മാർച്ച് 27 ന് ഗുരുവായൂർ ചാമുണ്ഡേശ്വരി റോഡിൽ താമസിക്കുന്ന മുതിർന്ന സ്ത്രീയായ പുഷ്പലതയെ ആക്രമിച്ചാണ് സ്വർണം കവർന്നത്. പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ കയറി സ്വർണം തട്ടിയെടുത്തത്. ഭർത്താവ് മാധവൻ ചായക്കട തുറക്കാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ തക്കത്തിലാണ് കവർച്ച നടത്തിയത്. പുഷ്പലതയെ തള്ളിയിട്ട് കൈയിലെ വള ബലമായി ഊരിയെടുക്കുകയായിരുന്നു.
നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് വളയുമായി രക്ഷപ്പെട്ടു. ആരാണ് കള്ളനെന്ന് തിരിച്ചറിയാൻ അന്വേഷണം നടത്തുന്നതിനിടെ തൃത്താലയിൽ രണ്ടു കള്ളൻമാർ കിണറ്റിൽ വീണതായി വിവരം കിട്ടി. തമിഴ്നാട്ടുകാരായ കരുണാനിധിയും ജയരാമനുമാണ് കിണറ്റില്‍ വീണത്. ഗുരുവായൂരിൽ കവർച്ച വീടിൻ്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആൾക്ക് ജയരാമനുമായി സാമ്യമുണ്ടായിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ മോഷണം തെളിഞ്ഞു. ജയരാമനെ ഗുരുവായൂരിൽ എത്തിച്ചു തെളിവെടുത്തു.