കൊല്ലം പരവൂരിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് പതിനെട്ടു വയസുള്ള മകൻ അഭിലാഷിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അഭിലാഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ചതിന്‍റെ വിരോധത്തിൽ പുലർച്ചെ രണ്ടിനാണ് അഭിലാഷിനെ മാരകായുധം കൊണ്ട് രാജേഷ് വെട്ടിയത്. മദ്യപിക്കുന്നതിന് പണം ആവശ്യപ്പെട്ട് രാജേഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. വീട് പുതുക്കി പണിയാൻ നഗരസഭ അനുവദിച്ച തുകയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്ളസ് ടു പഠനശേഷം സൈനിക ജോലിക്കായി പരിശീലനം നടത്തുകയായിരുന്നു പരുക്കേറ്റ മകൻ അഭിലാഷ്.