തിരുവല്ലയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയിലനുവദിച്ച പണം മനോജിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകൻ കൈക്കലാക്കി എന്ന പേരിൽ ഇവർ തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. മനോജിന്റെ ബന്ധുവായ രതീഷിന്‍റെ വളർത്തുനായയെ രാജന്റെ വീട്ടുകാർ കല്ലെറിഞ്ഞെന്നാരോപിച്ചാണ് ഇന്നലത്തെ തർക്കം തുടങ്ങിയത്. ഇത് ചോദിച്ച് രാജന്റെ വീട്ടിൽ ചെന്ന മനോജും രതീഷും രാജനെ മർദിച്ചു. ഉടൻ രാജൻ പേനാ കത്തി ഉപയോഗിച്ച് മനോജിനെ കുത്തുകയായിരുന്നു. ഇടതു നെഞ്ചിനും വയറ്റിനും രണ്ട് കുത്തേറ്റ മനോജ് ഉടൻതന്നെ കുഴഞ്ഞുവീണു മരിച്ചു.
രതീഷിനും കുത്തേറ്റിട്ടുണ്ട്. തലയിൽ പരുക്കേറ്റ പ്രതി രാജനെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.