കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യക്കേസില്‍ ആരോപണവിധേയനായ എസ്.ഐ അനൂപിന് സസ്പെന്‍ഷന്‍. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നൽകാത്തതിൽ മനംനൊന്താണ് ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത് ശേഷം ഓട്ടോഡ്രൈവർ അബ്ദുൽ സത്താർ (60) ആത്മഹത്യ ചെയ്തത്. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
പൊലീസ് പിടികൂടിയ ഓട്ടോ വിട്ടുകിട്ടാത്തതാണ് പിതാവിന്റെ മരണത്തിനു കാരണമായതെന്ന് അബ്ദുൽ സത്താറിന്റെ മകൻ അബ്ദുൽ ഷാനിസ് പറഞ്ഞു. പൊലീസിന്റെ നടപടി സത്താറിന് ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നതായും ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും പിതാവ് ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്നും ഷാനിസ് പറഞ്ഞു. കാസർകോട് ടൗണിൽ നെല്ലിക്കുന്ന് ബീച്ച് റോഡ് ജംക്‌ഷനിൽ റോഡിനു നടുവിൽ വഴി തടസ്സം ഉണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോൽ പൊലീസ് ഊരിയെടുത്തെത്.
പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടിയില്ലെന്നാരോപിച്ചാണ് കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ 3 വർഷമായി താമസിച്ചു വരികയായിരുന്ന കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി. എസ്.ഐ അനൂപ് ഓട്ടോക്കാരനോട് കാട്ടിയത് ക്രൂരതയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട് നരഹത്യക്ക് കേസെടുക്കണമെന്നും എം.പി പറഞ്ഞു.
എസ്.ഐ അനൂപ് മുൻപും മറ്റൊരു ഡ്രൈവറെ കയ്യേറ്റം ചെയ്തതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. സ്റ്റേഷനിലെത്തിയ തന്നെ കയ്യേറ്റം ചെയ്തെന്നും കോളറിൽ കയറി പിടിച്ചെന്നും ഓട്ടോ ഡ്രൈവർ നൗഷാദ് പറഞ്ഞു. യാത്രക്കാരുമായുള്ള തർക്കത്തെ തുടർന്നാണ് നൗഷാദിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന സമയത്ത് അവിടെയെത്തിയ എസ് ഐ അനൂബ് നൗഷാദിനോട് തട്ടിക്കയറി. സുഹൃത്തിനെ വിവരമറിയിക്കാൻ പുറത്തു നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് സമീപം എത്തിയപ്പോൾ എസ് ഐ പിന്നാലെ എത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കോളറിൽ കയറിപ്പിടിച്ചെന്നുമാണ് പരാതി.
നാട്ടുകാർ അടക്കം ആവശ്യപ്പെട്ടിട്ടും എസ് ഐ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ കാസർകോട് ഡിവൈഎസ്പി സ്ഥലത്ത് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. എസ്ഐക്കെതിരെ നൗഷാദ് പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പലതവണ തന്നെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും നൗഷാദ് ആരോപിക്കുന്നു.