ഡേറ്റിങ് ആപ്പുകളില്‍ പരിചയപ്പെടുന്ന സ്ത്രീകളെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയിരുന്ന ഇരുപത്തിമൂന്നുകാരന്‍ ഡല്‍ഹിയില്‍ പിടിയില്‍. എഴുന്നൂറിലധികം സ്ത്രീകളെയാണ് രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. ബ്രസീലിയന്‍ മോഡല്‍ എന്ന പേരില്‍ ഡേറ്റിങ് ആപ്പില്‍ ക്രിയേറ്റ് ചെയ്ത വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് കക്ഷി സ്ത്രീകളെ വശത്താക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തത്. തട്ടിപ്പിനിരയായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി കഴിഞ്ഞമാസം 13ന് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് തുഷാര്‍ ബിഷ്ട് എന്ന യുവാവ് വലയിലായത്.
ബംബിള്‍, സ്നാപ്ചാറ്റ് എന്നീ പ്ലാറ്റ്‍ഫോമുകളും വാട്സാപ്പും ഉപയോഗിച്ചാണ് തുഷാര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളായിരുന്നു ലക്ഷ്യം. ഒരു ആപ്പ് വഴി സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ വെര്‍ച്വല്‍ മൊബൈല്‍ നമ്പറാണ് വ്യാജ പ്രൊഫൈലില്‍ നല്‍കിയിരുന്നത്. ഇരകളെ പരിചയപ്പെട്ടശേഷം ചാറ്റിങ് ആരംഭിക്കും. വിശ്വാസം ആര്‍ജിച്ചുകഴിഞ്ഞാല്‍ ഫോട്ടോകള്‍ ആവശ്യപ്പെടും. അടുപ്പം വര്‍ധിക്കുന്തോറും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അയച്ചുനല്‍കാന്‍ പറയും. അയച്ചാല്‍ പെട്ടു.
ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ ഏതെങ്കിലും സ്വകാര്യ വിഡിയോയോ ചിത്രമോ ബിഷ്ട് യുവതിക്ക് അയച്ചുകൊടുക്കും. പണം ആവശ്യപ്പെടും. കൊടുത്തില്ലെങ്കില്‍ ഫോട്ടോയും വിഡിയോയും പരസ്യപ്പെടുത്തുമെന്നോ ഡാര്‍ക് വെബില്‍ വില്‍ക്കുമെന്നോ ഭീഷണിപ്പെടുത്തും. അതോടെ ഇരകള്‍ പണം കൈമാറും. ഇങ്ങനെ പലപ്പോഴായി വന്‍ തുകകളാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് വെസ്റ്റ് ഡല്‍ഹി ഡിസിപി വിചിത്ര വീര്‍ പറഞ്ഞു. ബംബിളില്‍ മാത്രം ഇയാള്‍ 500 സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇരുന്നൂറോളം പേര്‍ സ്നാപ് ചാറ്റിലും വാട്സാപ്പിലും ബ്ലാക്മെയില്‍ ചെയ്യപ്പെട്ടു.
അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ ജോലിക്കെത്തിയ ബ്രസീലിയന്‍ മോഡല്‍ എന്നുപറഞ്ഞാണ് ബിഷ്ട് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്. സാധാരണ സംഭാഷണങ്ങളില്‍ തുടങ്ങി, ദീര്‍ഘമായ ചാറ്റുകളിലൂടെ വിശ്വാസമാര്‍ജിച്ചാണ് ഒടുവില്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളും വിഡിയോയും ഇയാള്‍ കരസ്ഥമാക്കിയത്. ഇങ്ങനെ അയച്ച ഒരു വിഡിയോ പിന്നീട് തിരികെ അയച്ചുകൊടുത്തതോടെയാണ് സംഗതി കൈവിട്ടെന്ന് വിദ്യാര്‍ഥിനി മനസിലാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ചെറിയ തുകകള്‍ മാത്രമേ അയച്ചുകൊടുത്തുള്ളു. സമ്മര്‍ദം വര്‍ധിച്ചതോടെ യുവതി മാതാപിതാക്കള്‍ക്കൊപ്പം പൊലീസിനെ സമീപിച്ചു.
അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെസ്റ്റ് പൊലീസ് കണ്ടെത്തിയത്. രണ്ടുവര്‍ഷമായി വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തുഷാര്‍ ബിഷ്ട് ഒട്ടേറെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നു. വിശ്വസനീയമായ തരത്തില്‍ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളുമെല്ലാം വ്യാജമായി പോസ്റ്റ് ചെയ്തു. ആരുകണ്ടാലും ഗ്ലാമര്‍ താരമായ വിദേശ മോഡല്‍ എന്നുമാത്രമേ കരുതൂ. തുടര്‍ന്ന് സ്ത്രീകളെ തികച്ചും സ്വാഭാവികമായ രീതിയില്‍ പരിചയപ്പെടാന്‍ തുടങ്ങി. ഒരു രസത്തിനാണ് ആദ്യം ഇരകളുടെ ചിത്രങ്ങളും വിഡിയോകളും വാങ്ങിത്തുടങ്ങിയത്. ഒരുഘട്ടത്തില്‍ ഇത് പണമുണ്ടാക്കാനുള്ള വഴിയാണെന്ന് തോന്നിയതോടെ ബിഷ്ടിന്‍റെ രീതികള്‍ മാറി.
ശക്കര്‍പൂരിലെ ഒരു ഇടത്തരം കുടുംബാംഗമാണ് തുഷാര്‍ ബിഷ്ട്. അച്ഛന്‍ ഡ്രൈവറാണ്. അമ്മ ഒരു സാധാരണ വീട്ടമ്മ. സഹോദരി ഗുരുഗ്രാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ മൂന്നുവര്‍ഷമായി ടെക്നിക്കല്‍ റിക്രൂട്ടറായി ജോലി ചെയ്തുകൊണ്ടാണ് ബിബിഎ ബിരുദധാരിയായ ബിഷ്ട് ഈ തട്ടിപ്പ് മുഴുവന്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 13 ക്രെഡിറ്റ് കാര്‍ഡുകളും നിരവധി ബാങ്ക് അക്കൗണ്ട് രേഖകളും ബിഷ്ടിന്‍റെ പക്കല്‍ കണ്ടെത്തി.
തുഷാര്‍ ബിഷ്ടിന്‍റെ ഫോണില്‍ നിന്ന് അനേകം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കണ്ടെത്തിയെന്ന് ഡിസിപി വിചിത്ര വീര്‍ അറിയിച്ചു. ഇയാളുടെ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിനിരയായ സ്ത്രീകള്‍ പണമയച്ചതിന്‍റെ വിവരങ്ങളും ലഭിച്ചു. ഫോണില്‍ ഡല്‍ഹിയിലും പരിസരത്തുമുള്ള 60 സ്ത്രീകളുമായുള്ള ചാറ്റുകള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. അക്കൗണ്ടുകളിലെയും ചാറ്റുകളിലെയും വ്യാജപ്രൊഫൈലുകളിലെയും കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതോടെ യഥാര്‍ഥത്തില്‍ എത്രപേര്‍ ബ്ലാക്മെയിലിങ്ങിനും തട്ടിപ്പിനും ഇരയായിട്ടുണ്ടെന്ന് വ്യക്തമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.