ഒരുകടം തീര്‍ക്കാന്‍ അടുത്ത തുക ‘റോള്‍’ ചെയ്യുക. ഇതായിരുന്നു അടുത്തകാലത്തായി അഫാന്‍റെ ജീവിതത്തിന്‍റെ ആകെത്തുക. സാമ്പത്തികപ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് പൊലീസ് ഉറപ്പിക്കുന്നു. ആര്‍ഭാടത്തിനും ആഢംബരജീവിതത്തിനുമായി നടത്തിയ പണമിടപാടുകളാണ് ഇതിനെല്ലാം കാരണമെന്നും അന്വേഷണസംഘം കരുതുന്നു. ഉമ്മയെ ആക്രമിച്ചതില്‍ നിന്നാണ് കൊലപാതക പരമ്പരയുടെ തുടക്കം.
ഉറ്റവരെ കൊലപ്പെടുത്താന്‍ ചുറ്റികവാങ്ങാനും അഫാന്‍ പണം കടംവാങ്ങി. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടമെടുത്താണ് ചുറ്റിക വാങ്ങിയത്. വല്യുമ്മയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വെച്ച് 74,000 രൂപ വാങ്ങി. അതില്‍ നിന്ന് 40,000 രൂപ കടക്കാരില്‍ നാല് പേര്‍ക്ക് തിരികെ കൊടുത്തു. കൂട്ടക്കൊല നടത്തുന്നതിനിടെയുള്ള അഫാന്‍റെ പെരുമാറ്റം അതിവിചിത്രമാണ്.
അഫാനും അമ്മയും സഹോദരനും അടങ്ങിയ കൊച്ചുകുടുംബത്തിന്‍റെ കടബാധ്യത 65 ലക്ഷം രൂപയാണ്. ബന്ധുക്കളും നാട്ടുകാരുമായി 13 പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപ കിട്ടിയ രണ്ട് ചിട്ടികളുടെ അടവ് മുടങ്ങി. ദിവസവും പണം തിരികെ ആവശ്യപ്പെട്ട് ആളുകളെത്തിത്തുടങ്ങിയതോടെ അഫാന്‍ അസ്വസ്ഥനായി. പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താനും സാധിക്കുന്നില്ല.
മൂന്നുപേരെ കൊന്നശേഷം വീട്ടിലെത്തിയ അഫാന്‍ അമ്മയ്ക്ക് ജീവനുണ്ടെന്ന് കണ്ടപ്പോള്‍ വീണ്ടും ആക്രമിച്ചു. കാമുകി ഫര്‍സാനയുടെ മാല പണയംവച്ച് തൊണ്ണൂറായിരം രൂപ വാങ്ങിയിരുന്നു. പകരം കൊടുത്തത് മുക്കുപണ്ടം. ഇത് തിരികെ ചോദിച്ചതും അക്കാര്യം ഫര്‍സാനയുടെ വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകുമെന്നതും ഫര്‍സാനയെയും കൊല്ലാന്‍ കാരണമായി. രക്തപരിശോധനാഫലം ലഭിച്ചില്ലെങ്കിലും ലഹരിയുടെ സാന്നിധ്യം പൊലീസ് പാടേ തള്ളുകയാണ്.