മലപ്പുറം കോട്ടക്കലിൽ സമൂഹമാധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച നടത്തിയ യുവാവ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് പ്രണയമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്വര്‍ണക്കവര്‍ച്ച. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ 24 പവന്‍ സ്വര്‍ണം മോഷണം പോയതോടെയാണ് കുടുംബം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. വീട്ടില്‍ക്കയറി മോഷണം നടത്തിയ കള്ളനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പക്ഷേ അന്വേഷണം ചെന്നെത്തിയത് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ്.
ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട യുവാവ് സ്ഥിരം ചാറ്റിങ് നടത്തുകയും പിന്നാലെ തന്റെ ആവശ്യം പെണ്‍കുട്ടിക്ക് മുന്‍പില്‍ വയ്ക്കുകയും ചെയ്തു. മറ്റു നിര്‍വാഹങ്ങളൊന്നുമില്ലാത്ത പെണ്‍കുട്ടി തന്റെ നാത്തൂന്റെ സ്വര്‍ണമെടുത്ത് യുവാവിനു നല്‍കുകയായിരുന്നു. ഇരുവരുടേയു ചാറ്റിങ് ഉള്‍പ്പെടെ പരിശോധിച്ച് സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.