കള്ളപ്പരാതി നല്‍കി പ്രധാന അധ്യാപകനില്‍ നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്കിലും വിജിലന്‍സ് അന്വേഷണം. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. പിറവം സെന്‍റ് ജോസഫ്സ് സ്കൂളിലെ പിടിഎ പ്രസിഡന്‍റടക്കം നാല് പേരെയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്.
പിറവം സെന്‍റ് ജോസഫ്സ് സ്കൂളിലെ പ്രധാനധ്യാപകന്‍ ഡാനിയല്‍ ദേവസ്യയില്‍ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. വിരമിക്കാന്‍ ഒന്നരമാസം മാത്രം ശേഷിക്കെ ഡാനിയലിനെതിരെ സ്കൂളിലെ പിടിഎ എക്സിക്യൂട്ടിവ് അംഗമായ പ്രസാദ് പിടിഎ ഫണ്ട് വെട്ടിച്ചുവെന്ന് പറഞ്ഞ് പരാതി നല്‍കി. ഡിഇഒ അന്വേഷണം ആരംഭിച്ചതോടെ പരാതി പിന്‍വലിക്കാമെന്ന് പറഞ്ഞ് പ്രസാദ് ഡാനിയലിനെ സമീപിച്ചു. ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ മാസം 27ന് ഡാനിയലിനെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ചയൊരുക്കി.
പിറവം സ്വദേശി രാകേഷ് റോഷനാണ് ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞത്. ഒപ്പം സ്കൂളിലെ പിടിഎ പ്രസിഡന്‍റ് ബിജു, അലോഷ്യസ് ജോസ്, പരാതിക്കാരന്‍ പ്രസാദ് എന്നിവരുമെത്തി. ഒരു ദിവസം മുഴുവന്‍ ഡാനിയലിനെ മാനസികമായി ഭീഷണിപ്പെടുത്തിയ സംഘം ഹോട്ടല്‍ ബില്ല്, മദ്യത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പണം, യാത്രാചെലവടക്കം ബലമായി പിടിച്ചുവാങ്ങി. പിന്നീട് കേസ് ഒതുക്കിതീര്‍ക്കാന്‍ പതിനഞ്ച് ലക്ഷമാണ് ആവശ്യപ്പെട്ടത്. കടുത്ത മാനസിക സമ്മര്‍ദത്തിലായ ഡാനിയല്‍ വിജിലന്‍സ് എസ് പി എസ്. ശശിധരനെ സമീപിച്ചു.
ഒടുവില്‍ അഞ്ച് ലക്ഷം മതിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം കൈക്കൂലിയുടെ ആദ്യഘടുവായ രണ്ട് ലക്ഷം കൈപ്പറ്റാന്‍ എത്തിയതോടെ തിരുവനന്തപുരത്ത് പിടിയിലായി. ഇവര്‍ക്ക് പിന്നില്‍ വലിയൊരു കോക്കസുണ്ടെന്ന് വിജിലന്‍സ് സംശയിക്കുന്നു. കൊച്ചിയില്‍ നിന്ന് മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള വന്‍സംഘമാണ് തിരുവനന്തപുരതെത്തി പ്രതികളെ പിടികൂടിയത്.