drugs-walayar

 വാളയാറില്‍ അമ്മയും മകനും പ്രതികളായ ലഹരിക്കേസില്‍ മകനെ ലഹരി ഇടപാടുകാരനാക്കിയത് അമ്മയെന്ന് എക്സൈസ്. മകന്‍ ഇടപാടിന് തടസം നില്‍ക്കാതിരിക്കാന്‍ അമ്മ തന്നെ മകനെ ലഹരി ഉപയോഗിക്കാന്‍ ശീലിപ്പിച്ചു. ഇന്നലെയാണ് അമ്മയും മകനും ഉൾപ്പെടെ നാലുപേർ എം.ഡി.എം.എയുമായി വാളയാറിൽ അറസ്റ്റിലായത്. തൃശൂർ സ്വദേശിനി അശ്വതി, മകൻ ഷോൺ സണ്ണി കോഴിക്കോട് എലത്തൂർ സ്വദേശികളായ പി.മൃദുൽ അശ്വിൻലാൽ എന്നിവരാണ് പിടിയിലായത്.

കച്ചവടത്തില്‍ ആർക്കും സംശയം തോന്നാത്തതായിരുന്നു അമ്മ മകന്‍ കോംബിനേഷന്‍. ഈ സാധ്യത തന്നെയായിരുന്നു അശ്വതിയും മകൻ ഷോൺ സണ്ണിയും പ്രയോജനപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നത് പതിവാക്കിയ അശ്വതി പിന്നീട് മകനെയും ഈ പാതയിലേക്ക് നയിക്കുകയായിരുന്നു. മകന് ലഹരി ഉപയോഗിക്കാൻ നൽകിയതിനൊപ്പം വിൽപ്പനക്കാരനാക്കി മാറ്റുകയും ചെയ്തു. ലഹരിയിലൂടെ കിട്ടുന്ന മതിഭ്രമത്തിനൊപ്പം സാമ്പത്തിക നേട്ടം കൂടിയായപ്പോള്‍ ഇരുവരും ഒരു മടിയും കൂടാതെ കാരിയേഴ്സായി.

അശ്വതിയുടെ സുഹൃത്തുക്കളായ മൃദുലും,അശ്വിൻ ലാലും പല ജില്ലകളിലെയും ലഹരി വിൽപനയ്ക്ക് ഇടനിലക്കാരായി. ബെംഗലൂരുവിൽ നിന്നും ശേഖരിച്ച് എറണാകുളത്തെ പതിവുകാർക്ക് കൈമാറാനുള്ള വരവിനിടെയാണ് വാളയാറിൽ എക്സൈസുകാർ നാലുപേരെയും കുടുക്കിയത്. കാറിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു. ഈ യാത്രയിൽ ബെംഗലൂരുവിനും വാളയാറിനും ഇടയിൽ ഒട്ടേറെ തവണ ലഹരി ഉപയോഗിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഘം പതിവായി ലഹരി കൈമാറിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നാലുപേരുടെയും ഫോണിലുണ്ട്. വിശദമായ പരിശോധനയിലൂടെ ഉറവിടവും ഇടപാടിലെ മറ്റ് കണ്ണികളെയും കണ്ടെത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

ENGLISH SUMMARY:

In Walayar, the Excise Department stated that the mother turned her son into a drug dealer in a drug case where both were accused. To prevent him from obstructing the transactions, the mother herself got him accustomed to using drugs. Yesterday, four people, including the mother and son, were arrested in Walayar with MDMA.