കൊല്ലത്ത് എം.ഡി.എം.എയുമായി കാറിലെത്തിയ യുവാവ് എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിടാന്‍ ശ്രമിച്ച ശേഷം കടന്നുകളഞ്ഞു. സംഭവത്തില്‍ പാരിപ്പള്ളി സ്വദേശി അദ്വൈതിനെതിരെ കേസെടുത്തു. കുണ്ടറ മാമ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അദ്വൈതിന്‍രെ വാഹനം കണ്ടെത്തി. കാറിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തു.
എക്സൈസും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കിളികൊല്ലൂർ പൊലീസ് അദ്വൈതിനെതിരെ കേസെടുത്തത്.
ഇന്നലെ വൈകിട്ട് 5.30 ഓടെ കൊല്ലം കല്ലുംതാഴത്തായിരുന്നു സംഭവം. ചുവന്ന കാറിൽ എം.ഡി.എം.എയുമായി യുവാവ് വരുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സംഘം കല്ലുംതാഴം ജംഗ്ഷനിൽ പരിശോധനക്കെത്തിയത്.
ഉദ്യോഗസ്ഥർ കാർ തടഞ്ഞതോടെ അദ്വൈത് ഉദ്യോഗസ്ഥരെ ഇടിച്ചിടാൻ നോക്കിയ ശേഷം വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. ഉദ്യോഗസ്ഥർ അവനെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയാണ് കാർ മാമ്പുഴയ്ക്കടുത്ത് സ്വകാര്യ പുരയിടത്തിൽ ഉപേക്ഷിച്ചത്. യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.