ആറ്റിങ്ങൽ മാമത്തെ ബാർ ഹോട്ടലിൽ നിന്ന് മദ്യപിച്ച് ലക്കുകെട്ടയാളെ സഹായിക്കാനെന്ന് പറഞ്ഞെത്തിയവർ ദേഹത്തുണ്ടായിരുന്ന സ്വർണവും മൊബൈൽ ഫോണും, പണവും കവർന്നു. സംഭവത്തിൽ രണ്ടുപേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (36) , കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകം വീട്ടിൽ ചന്ദ്രബാബു ( 66) എന്നിവരെയാണ് അറസ്റ്റിലായത്.
25-ാംതീയതിയാണ് അവനവഞ്ചേരി സ്വദേശി രാജ ബാറിൽ കയറി മദ്യപിച്ച് ബോധരഹിതനായത്. ഇയാളെ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റി ചിറയിൻകീഴ് ചിലമ്പിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടിട്ട് കൈവിരലുകൾ ഒടിച്ച ശേഷമാണ് പ്രതികൾ ബ്രേസ് ലെറ്റ്, മോതിരം, മൊബൈൽ ഫോൺ, 4000 രൂപ എന്നിവ കവർന്നത്. തുടർന്ന് രാജന്റെ കൈകൾ കെട്ടിയിട്ട ശേഷം അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ക്രൂര മർദനത്തെ തുടർന്ന് അവശനായി കിടന്ന രാജനെ പഞ്ചായത്ത് അംഗമാണ് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്. തുടർന്ന് നോക്കിയപ്പോഴാണ് വിലപിടിപ്പുള്ള സാധനങ്ങളെല്ലാം മോഷണം പോയ വിവരം അറിയുന്നത്. പൊലീസ് മാമത്തെ വിവിധ സ്ഥലങ്ങളിലുള്ള സി.സി.ടി.വി ക്യാമറ പരിശോധിച്ച് രാജനെ തട്ടിക്കൊണ്ടുപോയ ബൈക്കിന്റെ നമ്പർ കണ്ടെത്തി. അങ്ങനെയാണ് രാജന്റെ കൈവിരലുകൾ ഒടിച്ച ശേഷം കടന്നുകളഞ്ഞ ചന്ദ്രബാബുവിനെയും ഫവാസിനെയും തിരിച്ചറിഞ്ഞത്.
ആറ്റിങ്ങൽ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണാഭരണങ്ങളുമായി ബീമാപള്ളിയിലെത്തിയ പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തിയത്.