പതിനാലുകാരനും പതിനഞ്ചുകാരനും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി. കോഴിക്കോട് നല്ലളത്താണ് സംഭവം. പതിനഞ്ച് വയസ് പ്രായമുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.
അയൽവാസിയും സമപ്രായക്കാരുമായ രണ്ട് കുട്ടികൾ ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നും, മറ്റൊരു പതിനാലുകാരൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തുറന്നു പറഞ്ഞത്.
അവിചാരിതമായി ഫോണിലെ പീഡന ദൃശ്യങ്ങൾ കാണാനിടയായ മറ്റൊരു ബന്ധുവാണ് കുട്ടിയുടെ കുടുംബത്തെ ഇക്കാര്യം ധരിപ്പിച്ചത്. അങ്ങനെയാണ് ഈ പതിനഞ്ചുകാരിയെ കൗൺസിലിംഗിന് എത്തിക്കാൻ തീരുമാനിച്ചതും പീഡന വിവരം പുറത്തറിയുന്നതും.
ഒരാഴ്ച മുൻപ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ ബന്ധുക്കളും, അധ്യാപകരും തന്നെയാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ ഉപദ്രവിച്ച വിദ്യാർഥികളെയും, അത് മൊബൈലിൽ പകർത്തിയ വിദ്യാർഥിയെയും പ്രതികളാക്കി നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് വിദ്യാർത്ഥികളെയും ചൊവ്വാഴ്ച സി.ഡബ്ലിയു.സിക്ക് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഇതിനായി നോട്ടിസ് നൽകിയിരിക്കുകയാണ്.