വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കിനുള്ളിൽ നിന്ന് കണ്ടെത്തിയത് സമീപത്തെ വീട്ടിലെ ജോലിക്കാരിയുടെ മൃതദേഹം. അത്തിപ്പറ്റ സ്വദേശിനി ഫാത്തിമയാണ് തീർത്തും ദുരൂഹമായ സാഹചര്യത്തിൽ മരിച്ചത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ഞായറാഴ്ച രാവിലെ 11ഓടെയാണ് വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്ത് പോയതിനാൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന വീടാണിത്.
സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് ആദ്യമായി മൃതദേഹം കണ്ടത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ടായിരുന്നു. ഇതിനു തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് ജോലിക്കാരൻ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഈ വീട്ടിലെ താമസക്കാർ വർഷങ്ങളായി വിദേശത്താണ്. മരിച്ച യുവതിയുടെ ദേഹത്ത് സ്വർണാഭരണങ്ങളുണ്ട്.
രാവിലെ പത്തുമണിയോടെയാണ് ഫാത്തിമ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. സംഭവം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഉൾപ്പെടെ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.