ഇന്നലെ ആരോഗ്യമന്ത്രി ആശമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും, ആശാ വര്‍ക്കര്‍മാരോടുള്ള അവരുടെ സഹാനുഭൂതിയും സ്നേഹവും ആ ചര്‍ച്ചയിലുടനീളം അവര്‍ പ്രകടിപ്പിച്ചു. എന്‍റെ ആശമാര്‍ ഇങ്ങനെ വെയിലും മഴയും കൊണ്ട് കിടക്കുന്നത് എനിക്ക് സഹിക്കാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്. ഈ സ്നേഹം കലത്തിലിട്ട് പുഴുങ്ങിയാല്‍ ചോറാവില്ലല്ലോ, അതിന് അരി എന്ന് പറയുന്ന ഒരു സാധനം വേണം. ആ അരിക്കാശിന് കൂടി വേണ്ടിയാണ് ഇവരിങ്ങനെ സമരം ചെയ്യുന്നത്. അത് മന്ത്രി ഓര്‍ക്കണം. ഈ ചര്‍ച്ച പരാജയപ്പെട്ട ശേഷം മന്ത്രി പറഞ്ഞതെന്താ, ഞാന്‍ ഉടന്‍ ഡല്‍ഹിയില്‍ പോയി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നൊക്കെയാണ്.. പക്ഷേ, സത്യത്തില്‍ മന്ത്രി വീണ ജോർജ് ഡൽഹിയിലെത്തിയത്, ആശമാരുടെ കാര്യം പറയാനൊന്നുമല്ലായിരുന്നു., ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ അത്താഴവിരുന്നിനായിരുന്നു. ഇന്നലെ വൈകീട്ട് മാത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയത് തന്നെ. അനുമതി ലഭിച്ചുമില്ല. പിന്നെ മന്ത്രി പറഞ്ഞത്, ജെ.പി നഡ്ഡയെ കാണാനായില്ലെങ്കിൽ നിവേദനം നൽകുമെന്നും സമരത്തിൽ സംസ്ഥാന സർക്കാർ വേണ്ടതെല്ലാം ചെയ്‌തെന്നുമെല്ലാമാണ്.