veena-delhi

TOPICS COVERED

ആശാപ്രവർത്തകരുടെ പ്രശ്നം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ മന്ത്രി വീണ ജോർജ് ഡൽഹിയിലെത്തിയത് ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ അത്താഴവിരുന്നിന്.  ഇന്നലെ വൈകീട്ട് മാത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.  ജെ.പി നഡ്ഡയെ കാണാനായില്ലെങ്കിൽ നിവേദനം നൽകുമെന്നും സമരത്തിൽ സംസ്ഥാന സർക്കാർ വേണ്ടതെല്ലാം ചെയ്‌തെന്നും വീണ ജോർജ് പറഞ്ഞു.

ആശ പ്രവർത്തകര്‍ നിരാഹാര സമരം തുടങ്ങുന്ന ദിവസം ഡല്‍ഹിക്ക് പുറപ്പെട്ട വീണ ജോര്‍ജ്, തിരുവനന്തപുരത്ത് പറഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ്.  എന്നാല്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മന്ത്രിയോട് കേന്ദ്രമന്ത്രിമായുള്ള കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ചോദിച്ചപ്പോള്‍ വ്യക്തതയില്ല എത്തിയിട്ട് നോക്കാമെന്ന് പറഞ്ഞ മന്ത്രി, കേരളഹൗസിലെത്തിയപ്പോള്‍ പറഞ്ഞു, കേന്ദ്രമന്ത്രിയുടെ അപ്പോയ്ന്‍റ്മെന്‍റ് കിട്ടിയില്ല. കിട്ടിയില്ലെങ്കില്‍ നിവേദനം കൊടുത്ത് മടങ്ങും.

ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ നേരത്തെ തീരുമാനി്ച്ചിരുന്ന വീണ ജോര്‍ജ്  ഇന്നലെ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെന്ന് അവകാശപ്പെട്ടു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ആശമാരുടെ സമരത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആവർത്തിച്ചു.  വീണ ജോര്‍ജിന് പുറമേ മന്ത്രിമാരായ കെ.എന്‍ ബാലഗോപാലും വി.അബ്ദുറഹ്മാനും ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നുണ്ട്.