ചില കാര്യങ്ങള്‍ കാണുമ്പോള്‍, അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍, നമുക്ക് ദേഷ്യവും സഹതാപവും ചിലപ്പോള്‍ ഒരുമിച്ച് തോന്നും. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നൊരു ചൊല്ലുണ്ട്. ലഹരി ഉപയോഗം വരുത്തിവയ്ക്കുന്ന നാശത്തെക്കുറിച്ച് എത്ര പറഞ്ഞാലും മനസിലാവാത്തവരാണ് ഏറെയും. ലഹരിമരുന്ന് ഉണ്ടാക്കുന്ന പ്രശ്നം മാത്രമല്ല, മറ്റുപല അപകടങ്ങളും ഉണ്ട്.മലപ്പുറം വളാഞ്ചേരിയിൽ നിന്നുവന്ന വാര്‍ത്ത ഇതിന് അടിവരയിടുന്നതാണ്. ലഹരി ഉപയോഗത്തിനിടെ സൂചി പങ്കിട്ട ഒന്‍പതുപേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചിരിക്കുകയാണ്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണിത്.