എമ്പുരാന് ഇക്കഴിഞ്ഞ വ്യാഴാഴ്ച റിലീസാവുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അതിനെതിരെ സംഘപരിവാര്‍ രംഗത്തുവരുന്നു. ബിജെപി പ്രതിഷേധങ്ങള്‍ക്കില്ലെന്ന് പരസ്യമായി പറയുന്നു. പ്രതിഷേധം പക്ഷേ പതിന്മടങ്ങ് വര്‍ധിക്കുന്നു. പൃഥ്വിരാജിനും മോഹന്‍ലാലിനും രൂക്ഷവിമര്‍ശനം എന്നൊന്നും പറഞ്ഞാല്‍ പോരാ... പടം ഇറങ്ങി 48 മണിക്കൂറായപ്പോഴേക്കും നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് ചിത്രത്തില്‍ തിരുത്തല്‍ വരുമെന്ന പ്രഖ്യാപനമുണ്ടാവുന്നു. വൈകീട്ടോടെ എമ്പുരാനില്‍ 17 വെട്ടുകള്‍ വരുത്തുമെന്നും റീ സെന്‍സറിന് അയക്കുമെന്നും ബുധനാഴ്ചയോടെ പുതിയ പതിപ്പ് ഇറങ്ങുമെന്നും വാര്‍ത്തകള്‍. ഒരു രാത്രിയുടെ ഇടവേളയ്ക്കുശേഷം സാക്ഷാല്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നു. വെറും പോസ്റ്റല്ല, സിനിമയിലെ രാഷ്ട്രീയ–സാമൂഹിക പ്രമേയം ചിലര്‍ക്ക് വിഷമമുണ്ടാക്കിയതായി അറിഞ്ഞെന്നും പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞുവയ്ക്കുന്നു. വിവാദഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പോസ്റ്റ് സംവിധായകന് പൃഥ്വിരാജും പങ്കുവച്ചു. 48ാം മണിക്കൂറില്‍ 100 കോടി ക്ലബില്‍ കയറിയ ഒരു പടം. പക്ഷേ ക്ലൈമാക്സില്‍ ഖേദപ്രകടനമായിപ്പോയി.