നാടൻ കൈക്കോട്ട് മുതൽ ബൂം എസ്‌കവേറ്ററും ഡ്രോൺ വരെയും. രാജ്യത്ത് ലഭ്യമായ സകല മാർഗ്ഗങ്ങളും ഉപയോഗിച്ച് പതിനൊന്നു ദിവസം പയറ്റിയിട്ടും അർജുൻ ഉൾപ്പെടെ ഗംഗാവലിപ്പുഴയിൽ അകപ്പെട്ട മൂന്നു മനുഷ്യരെക്കുറിച്ച് ഒരു വിവരവുമില്ല. കാര്‍വാര്‍ എം എൽ എ സതീഷ് സെയിലും ജില്ലാ ഭരണകൂടം ഒന്നടങ്കവും മടുപ്പില്ലാതെ നിന്ന് മണ്ണിനോടും പുഴയോടും മല്ലിടുകയാണ്.
സകല വിമർശനങ്ങളും അപ്രസക്തമാകുന്ന ആത്മാർത്ഥതയോടെയാണ് ഇപ്പോൾ കർണാടക സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതിൽ തർക്കമില്ല. പക്ഷേ മികച്ച പരിശീലനം ലഭിച്ച നാവികസേന മുങ്ങൽ വിദഗ്ധർക്ക് പോലും ഇറങ്ങാൻ കഴിയാത്തത്ര അടിയൊഴുക്കാണ് പുഴയിൽ.
യന്ത്രങ്ങളുടെ സഹായം ആവാം, പക്ഷേ നാവികരുടെ ജീവൻ പണയം വെച്ച് മാത്രമേ ആ ദൗത്യം ഇനി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നതാണ് ഇന്നത്തെ സ്ഥിതി. ദുഷ്കരമാകുന്നോ ദൗത്യം?